കൽപ്പറ്റ: വയനാട് ജില്ലാ കളക്ടറേറ്റ് വെല്ലുംവിധം സമരമുഖമായി. റോഡിൽ നിന്ന് കളക്ടറേറ്റ് കാണാൻ കഴിയാത്ത തരത്തിൽ കളക്ടറേറ്റിന് മുന്നിൽ സമരപ്പന്തലുകൾ നിറഞ്ഞിട്ട് മാസങ്ങളായി.

സ്വന്തം മണ്ണ് തിരിച്ചുകിട്ടാൻ കാഞ്ഞിരത്തിനാൽ കുടുംബം നാല് വർഷമായി വയനാട് കളക്ടറേറ്റിന്റെ ഇടത് ഗെയിറ്റിന് സമീപം പന്തൽ കെട്ടി സമരത്തിലാണ്. പ്രധാന ഗെയിറ്റിന്റെ വലത് വശം ചേർന്ന് കഴിഞ്ഞ ആറ് മാസമായി മറ്റൊരു സമരപ്പന്തലും രൂപം കൊണ്ടു. കൃഷിഭൂമിയും വാസയോഗ്യമായ പാർപ്പിടവും ആവശ്യപ്പെട്ട് തൊവരിമല ഭൂസമര സമിതി അവിടെ സമരത്തിലാണ്. അതിന് പുറമെ ചെറുതും വലുതുമായ സമരങ്ങൾ വേറെയും.

2015 ആഗസ്റ്റ് 15ന് കളക്ടറേറ്റിന് മുന്നിൽ സമരം തുടങ്ങിയതാണ് കാഞ്ഞിരത്തിനാൽ കുടുംബം. വർഷം നാല് കഴിഞ്ഞിട്ടും നീതി ലഭിച്ചില്ല. മാറി മാറി വന്ന സർക്കാരുകൾ ഈ കുടുംബത്തോട് മൗനം പാലിക്കുന്നു. ഒടുവിൽ സമരപ്പന്തലിൽ നിന്ന് എഴുന്നേറ്റ് പോകാനും വയ്യാത്ത അവസ്ഥയിലായി. നീതി ലഭിച്ചില്ലെങ്കിൽ ഇവിടെ തന്നെ ഇരുന്ന് മരിക്കാനാണ് ഇവരുടെ തീരുമാനം. മുമ്പ് പിന്തുണ പ്രഖ്യാപിച്ചവർ പോലും ഇപ്പോൾ ഈ സമരപ്പന്തലിന് അടുത്തെത്തുമ്പോൾ മുഖം തിരിഞ്ഞ് നടക്കുന്നു.

ഈ കുടുംബത്തിന്റെ ദയനീയ മുഖം കണ്ടാണ് ജില്ലാ കളക്ടർ ദിവസവും കളക്ടറിലേക്ക് വരുന്നതും പോകുന്നതും. മന്ത്രിമാരും പലതവണ ഇതുവഴി കടന്ന് പോയി. ആരും ഇവരുടെ ദയനീയത കണ്ടില്ല.

തൊവരിമലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങളാണ് കഴിഞ്ഞ ആറ് മാസമായി ഇവിടെ സമരം ചെയ്യുന്നത്. 2019 ഏപ്രിൽ 21നാണ് തൊവരിമലയിലെ സർക്കാർ ഭൂമിയിൽ ആദിവാസികൾ കുടിൽ കെട്ടി സമരം തുടങ്ങിയത്. ഇവരെ അധികൃതർ കുടിയിറക്കി. തുടന്നാണ് ആദിവാസികൾ ഏപ്രിൽ 24 മുതൽ വയനാട് കളക്ടറേറ്റിന് മുന്നിൽ സമരം ആരംഭിച്ചത്.

ഇപ്പോൾ ഇവർ നടത്തുന്നത് രാപ്പകൽ മഹാധർണ്ണയാണ്. കഴിഞ്ഞ 28ാം തീയതി തുടങ്ങിയ രാപ്പകൽ മഹാധർണ്ണ ഇന്ന് അവസാനിക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സമര സമിതി നടത്തുന്ന സമര പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖർ അടക്കം വന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് സമര സമിതിയുടെ തീരുമാനം.