വെള്ളമുണ്ട: തരുവണ നടക്കൽ,ഉ പ്പുന്നട റോഡിലെ കൈത്തോടുകളിലും റോഡരികിലും സെപ്ടിക് മാലിന്യം തള്ളി. ഇന്നലെ പുലർച്ചെയാണ് മാലിന്യങ്ങൾ കണ്ടെത്തിയത്. കൂവണക്കുന്ന് കോളനിയിലെ മുപ്പതോളം കുടുംബങ്ങളുൾപ്പെടെ നിരവധി പേർ അലക്കാനും കുളിക്കാനുമുപയോഗിക്കുന്ന തോട്ടിലും വിദ്യാർത്ഥികളുൾപ്പെടെ നടന്നുപോവുന്ന റോഡരികിലുമാണ് സെപ്ടിക് മാലിന്യം തള്ളിയിരിക്കുന്നത്.

റോഡരികിൽ വെച്ച് തോട്ടിലെ വെള്ളമുപയോഗിച്ച് വാഹനം കഴുകിയ ശേഷമാണ് സാമൂഹ്യ വിരുദ്ധർ സ്ഥലം വിട്ടത്.

രാവിലെ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നാണ് പരിശോധനയിൽ മാലിന്യങ്ങൾ കണ്ടത്. വെള്ളമുണ്ട പഞ്ചായത്ത് നൽകിയ പരാതിയെ തുടർന്ന് പൊലീസും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏതാനും ആഴ്ചകൾക്ക് മുമ്പ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള മാലിന്യങ്ങൾ ഇവിടെ നിക്ഷേപിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.