കണ്ണൂർ: ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മൃതദേഹത്തിൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ കൈക്കലാക്കിയെന്ന പരാതിയിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. നേരത്തെ മട്ടന്നൂരിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന ചക്കരക്കൽ ജനമൈത്രി പൊലീസ് സ്റ്റേഷനിലെ സി.കെ സുജിത്തിനെതിരെയാണ് നടപടി.
2018 ഒക്ടോബർ 4ന് മരിച്ച മട്ടന്നൂർ കൂടാളിയിലെ ഇരുപതുകാരിയുടെ മൊബൈൽ ഫോണാണ് കേസിന്റെ ആവശ്യം പറഞ്ഞ് ഇയാൾ വാങ്ങിയത്. കേസ് അന്വേഷണം കഴിഞ്ഞും ഫോൺ ലഭിക്കാതിരുന്നതോടെ പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ഇങ്ങനെയൊരു ഫോണിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല. തുടർന്ന് സുജിത്തിനെ ബന്ധപ്പെട്ടെങ്കിലും ഇയാൾ തിരികെ നൽകാൻ തയാറായില്ല. തുടർന്ന് ബന്ധുക്കൾ ഇരിട്ടി എ.എസ്.പി ആനന്ദിന് പരാതി നൽകി. ഇതേ തുടർന്നാണ് നടപടി.