കോട്ടയം: കോട്ടയം, ഇടുക്കി അതിർത്തി പ്രദേശങ്ങളിലെ പരിസ്ഥിതി ദുർബല മേഖലയിൽ പ്രവർത്തിക്കുന്ന 332 പാറമടകളിലേറെയും അനധികൃതം. ഉടമകളോ നടത്തിപ്പുകാരോ ആരെന്ന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിനും വിവരമില്ല. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ മാപ്പിംഗിൽ നടത്തിപ്പുകാരുടെ കോളത്തിൽ പേരിന് പകരം അൺനോൺ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അന്യ ജില്ലകളിൽപ്പെട്ട ബിനാമികളാണ് ഏറെയും. ഉന്നത പിന്തുണയിൽ അനധികൃത പാറമടകൾക്ക് ലൈസൻസ് പുതുക്കാറുമില്ല. 1094 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള ഉടുമ്പഞ്ചോല താലൂക്ക് മുഴുവൻ പരിസ്ഥിതിലോല പ്രദേശമാണ്. ഇവിടെ 23 വില്ലേജുകളിൽ 107 പാറമടകളുണ്ട്. ഉടുമ്പഞ്ചോല, പീരുമേട്, ദേവികുളം താലൂക്കുകളിൽ വനഭൂമി കൈയേറിയും മറ്റ് സർക്കാർ ഭൂമികളിലും പ്രവർത്തിക്കുന്ന കരിങ്കൽ മടകൾ വേറെയും. ദേവികുളത്ത് സർക്കാർ ഭൂമിയിലെ മൂന്നും പീരുമേട് താലൂക്കിൽ 11 പാറമടകളിൽ അഞ്ചെണ്ണത്തിന്റെയും കുമളിയിൽ ഏഴു പാറമടകളിൽ രണ്ടെണ്ണത്തിന്റെയും കുമാരമംഗലം, മണക്കാട്, ഇടുക്കി വില്ലേജുകളിലെ മൂന്നു പാറമടകളുടെയും, രാജകുമാരി വില്ലേജിലെ രണ്ട് പാറമടകളുടെയും നടത്തിപ്പ്, ഉടമസ്ഥത എന്നിവയെക്കുറിച്ചും വിവരമില്ല.
അണക്കര വില്ലേജിൽ 16ഉം കട്ടപ്പന വില്ലേജിൽ 12ഉം പാറമടകളുണ്ട്. പരിസ്ഥിതി ദുർബല പ്രദേശമാണെങ്കിലും കൃത്യമായ വിഹിതം കിട്ടുന്നതിനാൽ എല്ലാവരും കണ്ണടക്കുകയാണ്.

മല ലീസിനെടുത്ത് ബിനാമി കച്ചവടം

ഒരു ഏക്കറിന് അഞ്ച് ലക്ഷം രൂപ വരെ നൽകിയാണ് മല ലീസിന് എടുക്കുന്നത്. എന്നാൽ ഒരു കോടിയിലേറെ രൂപ വില വരുന്ന പാറയും അനുബന്ധ സാധനങ്ങളും മല തുരന്ന് ഉണ്ടാക്കും. പിന്നെ പത്തുപേരുടെ കൺസോർഷ്യം ഉണ്ടാക്കി ക്രഷർ യൂണിറ്റ് തുടങ്ങും. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമെല്ലാം ബിനാമികളായതിനാൽ ക്രഷർ യൂണിറ്റ് ഒരിക്കലും പൂട്ടില്ല.


പരിസ്ഥിതി ലോല പ്രദേശങ്ങൾ

 ഉടുമ്പഞ്ചോല താലൂക്ക് (മുഴുവൻ )

 23വില്ലേജുകൾ- 107 പാറമടകൾ
 ദേവികുളം താലൂക്ക് (മുഴുവൻ )

 12 വില്ലേജുകൾ : 49 പാറമടകൾ

പീരുമേട് താലൂക്ക്

(1310 ചതുരശ്ര കിലോമീറ്ററിൽ 1146ഉം പരിസ്ഥിതി ലോലം)

 8 വില്ലേജുകൾ : 42 പാറമടകൾ

തൊടുപുഴ താലൂക്ക്

(888 ചതുരശ്ര കിലോമീറ്ററിൽ 463 ഉം പരിസ്ഥിതി ദുർബലം)

 4 വില്ലേജ്- 134 പാറമടകൾ