കോട്ടയം: പാറമട, ക്രഷർ യൂണിറ്റുകൾ ഇല്ലാത്ത രാഷ്ടീയ പാർട്ടി നേതാക്കളില്ല. മന്ത്രിമാർ അടക്കം ഉന്നത നേതാക്കൾക്കെല്ലാം സ്വന്തമായോ ബിനാമി ഏർപ്പാടിലോ പാറമടകളുണ്ട്. കോട്ടയം ജില്ലയുടെ കിഴക്കൻ മലകളിൽ വടക്കൻ ജില്ലകളിൽ നിന്നുള്ള മുൻ മന്ത്രിമാർക്ക് വരെ പാറമടകളുണ്ട്. ടോറസുമുണ്ട്. ഒരു മുൻ മന്ത്രിക്കു മാത്രം രണ്ടു ഡസനോളം ടോറസുകളുണ്ട്. അനധികൃത പാറഖനനത്തിനിടയിൽ ഇത് ഓടി തുടങ്ങി തിരിച്ചെത്തുംവരെ സംരക്ഷണം നല്കാൻ പൊലീസ് സേനയിൽ ഉന്നതരുണ്ട്.

കോട്ടയം ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ ഒരുന്നത രാഷ്ടീയ നേതാവിന് അനധികൃത പാറമടയുണ്ടെന്ന പരാതിയെതുടർന്ന് അന്വേഷിക്കാൻ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻ എത്തി.ഇത് അംഗീകൃത പാറമടയാണെന്നു സ്ഥാപിക്കാനുള്ള രേഖകളുമായി നേതാവിന്റെ മകൻ കാത്തുനിന്നത് കണ്ട് ഞെട്ടിയത് പ്രതിപക്ഷനേതാവായിരുന്നു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ബിനാമി ഏർപ്പാടിൽ പ്രവർത്തിക്കുന്ന നിരവധി പാറമടകൾ കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രമുഖ നേതാക്കൾക്കുണ്ടെങ്കിലും ഒരെണ്ണം പോലും അടപ്പിക്കാൻ കഴിഞ്ഞിട്ടില്ല.എന്നാൽ സകല ചട്ടവും ലംഘിച്ച് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പുതിയവ തുറക്കുകയാണ് .ഇതിന് പ്രത്യേക കമ്മീഷനും ലോഡനുസരിച്ച് ഉദ്യോഗസ്ഥർക്ക് ലഭിക്കും.
പാറമട ക്രഷർ യൂണി്റ്റുകളിൽ നിന്ന് വൻകിടക്കാർ പ്രതിവർഷം 70,000 കോടി രൂപയുടെ വരുമാനമുണ്ടാക്കുന്നുവെന്നതാണ് ഏകദേശ കണക്ക്.12 ശതമാനമാണ് നികുതി.ഇതു തന്നെ 8400 കോടിയോളം വരും.കൃത്യമായി പിരിക്കാൻ ഒരു നടപടിയുമില്ല. പകരം നൂറുകോടി രൂപ വരെ കോമ്പൗണ്ട് ടാക്സ് ഈടാക്കി വൻകിടക്കാരെ സഹായിക്കുകയാണ്. ഇടതു വലതു ഭരണത്തിലും ഈ സഹായത്തിന് ഒരു മാറ്റവുമില്ല .

പാറഖനനം ആരംഭിക്കണമെങ്കിൽ ഏഴ് അനുമതികൾ വേണം.സർക്കാരിൽ പിടിപാടോ കാശിറക്കാനുള്ള കഴിവോ ഉണ്ടെങ്കിൽ ഇതെല്ലാം പെട്ടെന്ന് നടത്തിത്തരാൻ ഏജന്റുമാരുമുണ്ട്.

എക്സ് പ്ളോസീവ് ലൈസൻസ്

ഫയർ റവന്യൂ, പൊലീസ് എൻ.ഒ.സി

ശുപാർശക്കത്ത് കൈമാറുക കളക്ടർ

മൈനിംഗ് , ജിയോളജി സർട്ടിഫിക്കറ്റ്

പൊലൂഷൻ കൺട്റോളർ അനുമതി

ഭൂമിയുടെ ഉടമസ്ഥത: റവന്യൂ അനുമതി

തൊഴിൽ വകുപ്പിന്റെ അനുമതി,

മൈൻസ് സേഫ്‌റ്റി സർട്ടിഫിക്കേറ്റ്

പ്രതിവർഷം

70,000 കോടിയുടെ

വരുമാനം