ആഘാതപഠനം നടത്തിയില്ല
കോട്ടയം: ജനവാസ മേഖല, പരിസ്ഥിതിയുമായി ബന്ധപ്പെട്ടയിടങ്ങൾ എന്നിവ കൃത്യമായി പരിശോധിച്ചല്ല ജില്ലയിൽ പാറമടകൾക്ക് അംഗീകാരം നല്കിയിട്ടുള്ളത്. ജനവാസ മേഖലയും പാറമടകളും തമ്മിലുള്ള അടുപ്പം സംബന്ധിച്ച് ഏകീകൃത നിയമം കൊണ്ടു വരണമെന്ന് നിയമസഭാ പരിസ്ഥിതി കമ്മിറ്റി ഒരു വർഷം മുമ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും ചെവിക്കൊണ്ടിട്ടില്ല. സോൺ ഒന്നിലും രണ്ടിലും നിലവിലുള്ള അംഗീകൃത പാറമടകൾക്ക് നിയന്ത്രണങ്ങളോടെ തുടരാമെന്ന് ഗാഡ്ഗിൽ റിപ്പോർട്ടിൽ പറയുമ്പോൾ പാറ പൊട്ടിക്കുന്നതിൽ പരിസ്ഥിതി ലോല മേഖലകളിൽ മാത്രമാണ് കസ്തൂരി രംഗൻ റിപ്പോർട്ടിലെ നിരോധനം. ഇക്കാര്യത്തിൽ സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന നിർദേശവും വളച്ചൊടിക്കപ്പെടുന്നു.
ആടുഫാം പാറമടയായി
വല്യേന്ത പട്ടിക വർഗ സെറ്റിൽമെന്റ് കോളനി വാസികൾക്കായി ആടുഫാം തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി തോടിന്റെ കുറുകേ പാലം നിർമിച്ചു. എന്നാൽ റോഡ് സൗകര്യം പ്രയോജനപ്പെടുത്തി ആടുഫാമിന് പകരം ആരംഭിച്ചത് പാറമടയാണ്. പരിസ്ഥിതി ലോല പ്രദേശമായ കരിമ്പനോലിയിലും പാറമടകൾക്ക് അനുമതിയായി. പാറത്തോട് പാലപ്ര ഭാഗത്തെ കീറി മുറിച്ചാണ് സ്വകാര്യ പാറമടയുടെ പ്രവർത്തനം. പറത്താനത്ത് പാറമട കാരണം നിരവധി അപകടങ്ങൾ ഉണ്ടായി. മൂന്നിലവ്, മങ്കൊമ്പ്, തിടനാട്, കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചി മലയും രത്നഗിരി മലയും പിളർത്തി പാറമടകൾ സജീവമാണ് . കൊടുങ്ങയിൽ പുതിയ പാറമടയ്ക്ക് സമീപം സോയിൽ പൈപ്പിംഗ് പ്രതിഭാസം ഉണ്ടായിട്ടും നടപടിയില്ല.
ലോലമേഖലയിൽ മടകളില്ല!
കോട്ടയം ജില്ലയിൽ പരിസ്ഥിതി ലോലമായി കണ്ടെത്തിയ പ്രദേശങ്ങളിൽ പാറമടകൾ ഇല്ലെന്നായിരുന്നു ഉപഗ്രഹസഹായത്തോടെയുള്ള മാപ്പിംഗിലെ കണ്ടെത്തൽ. റബർതോട്ടങ്ങളും പുൽമേടുകളും തെളിഞ്ഞതല്ലാതെ പാറമടകൾ കാണാതെ പോയതിന് പിന്നിൽ ദുരൂഹതയുണ്ട്.
പൂഞ്ഞാർ തെക്കേക്കര,കൂട്ടിക്കൽ,മേലുകാവ്,തീക്കോയി പഞ്ചായത്തുകളാണ് പരിസ്ഥിതിലോലമായി ഉൾപ്പെടുത്തിയിട്ടുള്ളത്.അതീവ പരിസ്ഥിതി ലോലമായ വാഗമൺ പുൽമേടുകളും മലനിരകളും റിപ്പോർട്ടിലില്ല. മൊട്ടക്കുന്നുകളായി ഇവ ഉപഗ്രഹ മാപ്പിംഗിൽ കണ്ടതാണ് ഉൾപ്പെടുത്താത്തതിന് കാരണമായി പറയുന്നത്.
മട പരിസ്ഥിതി ലോലവുമല്ല
മൂന്നിലവ് പഞ്ചായത്തിലെ മങ്കൊമ്പ്,പാറത്തോട്, തിടനാട്ടെ വെണ്ണിക്കുളം, ഇല്ലിക്കൽക്കല്ല്,അടിവാരം പ്രദേശങ്ങൾ വൻകിട പാറമടകളുടെ കേന്ദ്രമാണ്. ഉരുൾപൊട്ടൽ മൂലമുള്ള നാശനഷ്ടങ്ങളും ഭൂമി കുലുക്കവും വർഷാവർഷം ഇവിടെ ആവർത്തിക്കുന്നുണ്ടെങ്കിലും ഈ പ്രദേശങ്ങളെ പരിസ്ഥിതി ലോല പട്ടികയിൽ നിന്ന് ഒഴിവാക്കി. പാറമടകൾക്കതിരെ ജനങ്ങൾ നിരന്തരസമരം നടത്തുന്ന പ്രദേശങ്ങൾ ഒഴിവായതിൽ ദുരൂഹതയുണ്ടായിട്ടും ആരും മിണ്ടുന്നില്ല. രാഷ്ട്രീയ, ഉദ്യോഗസ്ഥ സമുദായ നേതാക്കൾക്കും മാഫിയകൾക്കും നേരിട്ടുബന്ധമുള്ള പാറമടകൾ അതീവ പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ പ്രവർത്തിച്ചിട്ടും ചെറുവിരലനക്കാൻ സഭാനേതാക്കളോ സംരക്ഷണ സമിതിയോ പരിസ്ഥിതിവാദികളോ ഇല്ല.