കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി സംബന്ധിച്ച വിവരങ്ങൾ അടിയന്തരമായി കൈമാറാൻ സർക്കാർ നിർദേശം. കഴിഞ്ഞ 5 വർഷക്കാലം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടത്തിയിട്ടുള്ള അഴിമതി, ക്രമക്കേടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ അടിയന്തരമായും തുടർന്നുള്ള വിവരങ്ങൾ കൃത്യമായ ഇടവേളകളിലും റിപ്പോർട്ട് ചെയ്യണമെന്നാണ് വകുപ്പ് ഡയറക്ടർ സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്.
2015 ൽ ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ മുഖവിലയ്ക്കെടുത്തിരുന്നില്ല. അടുത്തകാലത്ത് ഇതു ശ്രദ്ധയിൽപെട്ടപ്പോഴാണ് കഴിഞ്ഞമാസം 26ന് പുതിയ സർക്കുലർ പുറപ്പെടുവിച്ചത്.
അഴിമതിയുമായി ബന്ധപ്പെട്ട പരാതി, അതിന്മേൽ സ്വീകരിച്ച നടപടി, കോടതി കേസുകൾ എന്നിവ പ്രത്യേകം തയ്യാറാക്കിയ പ്രഫോമയിൽ ക്രോഡീകരിച്ച് പഞ്ചായത്ത് സെക്രട്ടറിമാർ വകുപ്പ് തലവന്മാർക്ക് നൽകണം. വകുപ്പുതലവന്മാർ ഇവ കാലതാമസം കൂടാതെ സർക്കാരിനും എ.ജിക്കും കൈമാറണം.
മേലിൽ എല്ലാവർഷവും ജൂലായ്, നവംബർ, മാർച്ച് മാസങ്ങളിൽ 10 ാം തീയതിക്കകം വകുപ്പ് തലവന്മാർക്കും, അവിടെ നിന്ന് അതേമാസം 20 നകം സർക്കാരിലേക്കും റിപ്പോർട്ട് നൽകണം. നിർദ്ദേശം കർശനമായി പാലിക്കുന്നു എന്ന് എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരും വകുപ്പ് തലവന്മാരും ഉറപ്പുവരുത്തണമെന്നും സർക്കുലറൽ വ്യക്തമാക്കിയിട്ടുണ്ട്. ജനകീയാസൂത്രണ പദ്ധതിയുടെ മറവിൽ നടക്കുന്ന കോടികളുടെ തിരിമറിയും തട്ടിപ്പും ഇതോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ. പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിച്ച് സർക്കാരിനും പൊതുസമൂഹത്തിനും നഷ്ടമുണ്ടാക്കിയതും ഇല്ലാത്ത പദ്ധതികളുടെ പേരിൽ പണം അടിച്ചുമാറ്റിയതുമൊക്കെയായി നൂറുകണക്കിന് പരാതികളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പൂഴ്ത്തിവച്ചിട്ടുള്ളത്.