dubai

കോട്ടയം: കേരള കോൺഗ്രസ് ജോസ്,ജോസഫ് അണികൾ കേരളത്തിൽ കൂട്ടത്തല്ല് നടത്തുമ്പോൾ പി.ജെ.ജോസഫും ജോസ് കെ. മാണിയും 'ദുബായിൽ ഒന്നായി'.

ദുബായിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാക്കളായാണ് വിവിധ കേരളകോൺഗ്രസ് നേതാക്കൾ ദുബായിൽ എത്തിയത്. ജോസഫിനെയും ജോസ് കെ മാണിയെയും കൂടാതെ ഇടതു മുന്നണിയിലുുള്ള കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്, ബി.ജെ.പി മുന്നണിയിലുള്ള ചെയർമാൻ പി.സി.തോമസ് , തോമസ് ചാഴിക്കാടൻ എം.പി കോൺഗ്രസ് എം.പി ഡീൻ കുര്യാക്കോസ് എന്നിവരുമുണ്ട്.

സമ്മേളനത്തിനിടയിൽ കേരള കോൺഗ്രസ് ഗ്രൂപ്പുകൾ ഒന്നിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തുമെന്ന് പി.സി.തോമസ് അറിയിച്ചു. കഴിഞ്ഞ വർഷം കോട്ടയത്ത് പി.ടി. ചാക്കോയുടെ ചരമവാർഷികാചരണ യോഗത്തിൽ കേരള കോൺഗ്രസുകൾ യോജിക്കേണ്ടതിന്റെ ആവശ്യകതയെപറ്റി കെ.എം. മാണി വികാരപരമായി സംസാരിച്ചിരുന്നു . ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ തുടങ്ങി വിവിധ കേരള കോൺഗ്രസ് ചെയർമാൻമാർ ഇതു അംഗീകരിച്ചതാണെന്നും തോമസ് പറഞ്ഞു.

ജോസ് ജോസഫ് വിഭാഗം നേതാക്കൾ ദുബായിലായതിനാൽ കേരളത്തിലുള്ള മറ്റു നേതാക്കൾ പോരിന് അവധി പ്രഖ്യാപിച്ചതു പോലായി .രണ്ടു ദിവസമായി കുട്ടിനേതാക്കളുടെ വാക് പോരോ പ്രസ്താവനാ യുദ്ധമോ ഉണ്ടായില്ല !..