കോട്ടയം: വെള്ളപ്പൊക്കത്തിന് ശേഷം പടിഞ്ഞാറൻ മേഖലയിലെ കുടിവെള്ളത്തിൽ ബാക്ടീരിയുടെ സാന്നിദ്ധ്യം കുറഞ്ഞപ്പോൾ അമ്ളത്വം കൂടി. പ്രകൃതിയുടെ ശുദ്ധീകരണത്തിൽ ബാക്ടീരിയകളെ തുരത്താനായെങ്കിലും പി.എച്ച് മൂല്യം കുറഞ്ഞതിലൂടെ അമ്ളത്വം കൂടിയത് ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിന് വഴിവയ്ക്കും. വാട്ടർ അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷനിൽ പരിശോധനക്കെത്തിയ സാമ്പിളുകളിൽ 95 ശതമാനത്തിലും പി.എച്ച് മൂല്യം കുറവാണ്. കോളിഫോം, ഇ കോളി ബാക്ടീരീയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത് രണ്ട് സാമ്പിളുകളിൽ മാത്രമാണ്. ഫലം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

കെമിക്കൽ, ഫിസിക്കൽ, ബാക്ടീരിയോളജിക്കൽ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് ഗുണനിലവാര പരിശോധന. പ്രളയത്തിന് ശേഷം കെമിക്കൽ, ഫിസിക്കൽ ഭാഗങ്ങൾ മോശമായപ്പോൾ ബാക്ടീരിയോളജിക്കൽ ഭാഗം നന്നായി. അതേസമയം വെള്ളപ്പൊക്കം ബാധിക്കാത്ത മേഖലകളിൽ ഇ കോളി, കോളിഫോം ബാക്ടീരിയ കണ്ടെത്തുകയും ചെയ്തു.

കുടിവെള്ളത്തിന്റെ പി.എച്ച് മൂല്യം 6.5- 7.5 ആണ്. എന്നാൽ പ്രളയത്തിന് ശേഷം ഇത് 5 വരെയായി. പ്രളയം എല്ലാത്തരത്തിലും ബാധിച്ച പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള സാമ്പിളുകളാണ് പരിശോധിക്കുന്നതിൽ കൂടുതലും. കീടനാശിനികളും വളങ്ങളും കുടിവെള്ളത്തിൽ കലരുന്നതാണ് പി.എച്ച് മൂല്യം കുറയാൻ കാരണം. പാടങ്ങളിലെയും കൃഷിയിടങ്ങളിലേയും കീടനാശിനികൾ ഒലിച്ചിറങ്ങിയതാകാമെന്നാണ് നിഗമനം.

'' വെള്ളത്തിൽ പി.എച്ച് മൂല്യം കുറയുമ്പോൾ ഓക്‌സിജൻ കുറയുകയും അമ്ളത്വം കൂടുകയും ചെയ്യും. കാൻസർ പോലെയുള്ള ഗുരുതര രോഗങ്ങളുടെ സാദ്ധ്യത വർദ്ധിപ്പിക്കും"

- ഡോ.രാജഗോപാൽ കമ്മത്ത്,​ ശാസ്ത്രഗവേഷകൻ

പരിശോധന ഫലം

വിസർജ്യത്തിന്റെ അവശിഷ്ടം കൂടുതൽ

കലക്കവെള്ളത്തിന്റെ അളവ് വർദ്ധ്രച്ചു

പി.എച്ച് മൂല്യം കുറഞ്ഞു, അമ്ളത്വം കൂടി

പി.എച്ച് മൂല്യം

6.5ന് താഴെ