കോട്ടയം: തൃശൂർ പൂരത്തിനു വരെ പല തവണ എഴുന്നള്ളിച്ചിട്ടുള്ള നാട്ടാനയായ തിരുനക്കര ശിവന് മാറി മാറി വന്ന അരഡസനോളം പാപ്പൻമാരുടെ ചട്ടം പഠിപ്പിക്കൽ കാരണം എന്നും നരകിക്കാനാണ് യോഗം !.
തിരുനക്കരയിലെ ആനക്കൊട്ടിലിൽ നിന്നിരുന്ന ശിവനെ 'ചട്ടം പഠിപ്പിക്കു"ന്നതിന് ചെങ്ങളത്തുകാവ് ക്ഷേത്ര വളപ്പിലേക്ക് മാറ്റിയിരിക്കുകയാണിപ്പോൾ . പുതിയ പാപ്പാന് ചട്ടം പഠിപ്പിക്കണമെങ്കിൽ തോട്ടി പ്രയോഗവും അടിയും വേണം. തിരുനക്കരയിൽ വച്ച് പീഡിപ്പിച്ചു പഠിപ്പിക്കുന്നത് ഭക്തന്മാരുടെ എതിർപ്പിനിടയാക്കുമെന്ന് കണ്ടാണ് ചെങ്ങളം ക്ഷേത്രവളപ്പിലേക്ക് മാറ്റിയത്.
വിശ്വനാഥനെന്ന തിരുനക്കരക്കാരുടെ ഓമനയായ കുട്ടിയാന പാപ്പാന്റെ ക്രൂരമർദ്ദനമേറ്റ് ചരിഞ്ഞപ്പോഴാണ് രണ്ടു പതിറ്റാണ്ടിന് മുമ്പ് തിരുനക്കര ക്ഷേത്രത്തിലേക്ക് ദേവസ്വം ബോർഡ് ലക്ഷണമൊത്ത നാട്ടാനയായ ശിവനെ കൊണ്ടുവന്നത്. മർദ്ദനവും മദ്യപാനവും പെരുമാറ്റദൂഷ്യവും മറ്റും കാരണം പല പാപ്പാന്മാരെയും മാറ്റി. ഇപ്പോൾ അഞ്ചാം പാപ്പാനിലെത്തി.
പുതിയ പാപ്പാനെത്തുമ്പോൾ ആന അനുസരിക്കാതാകും. അടിച്ചു ചട്ടം പഠിപ്പിക്കുന്ന പാപ്പാനെ പേടിയാകും. അവസാനം വന്ന പാപ്പാനെ അനുസരിക്കാതായതോടെ കൂച്ചുവിലങ്ങും ഇടചങ്ങലയും ഇട്ടായിരുന്നു തിരുനക്കരയിൽ നിറുത്തിയിരുന്നത്. കഴിഞ്ഞ വിനായക ചതുർത്ഥിക്കും മറ്റും ഗജപൂജയ്ക്ക് ശിവൻ ക്ഷേത്ര വളപ്പിൽ നിൽക്കേ മറ്റാനകളെയാണ് ഉപയോഗിച്ചത്. ഇപ്പോൾ ചെങ്ങളത്തു കാവിലേക്ക് കൊണ്ടു പോകാൻ ക്ഷേത്ര അധികൃതർ പറയുന്ന ന്യായം ആനക്കൊട്ടിലിനു സമീപം വിസർജ്ജ്യവും മറ്റു മാലിന്യങ്ങളും കുന്നുകൂടി കിടക്കുന്നിടത്ത് ആനയ്ക്ക് ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്നാണ്.
തിരുനക്കര ഉത്സവകാലമെത്തുമ്പോൾ ശിവൻ സ്ഥിരം മദപ്പാടിലാകും. പുറത്തു നിന്നുള്ള മറ്റാനകളെ തിടമ്പേറ്റുന്നതിന് വേണ്ടി ശിവനെ മനപൂർവ്വം മദപ്പാടിലാക്കുകയാണെന്ന ആരോപണം ശക്തമാണ്. ഒരു പകൽ പൂരത്തിന് മദപ്പാടിലെന്നു പറഞ്ഞു മാറ്റി നിറുത്തിയ ശിവനെ ആന പ്രേമികളുടെ സമ്മർദ്ദത്തിന് വഴങ്ങി അന്നത്തെ വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും വി.എൻ. വാസവനും മറ്റും മുൻകൈയെടുത്ത് തിടമ്പേറ്റിച്ചു . ആദ്യാവസാനം ശാന്തനായി നിന്നതോടെ മദപ്പാടിലെന്ന പ്രചാരണം അന്നു പൊളിഞ്ഞു.
പുതിയ പാപ്പാൻ ചട്ടം പഠിപ്പിച്ച് കഴിയുമ്പോൾ ഇനിയും സ്ഥലം മാറ്റുമോ ?
ഉത്സവ സീസണിൽ മദപ്പാടിലെന്ന പ്രചാരണം അവസാനിപ്പിക്കുമോ?
അടുത്ത ഉത്സവത്തിന് ശിവനെ എഴുന്നള്ളിക്കാൻ കഴിയുമോ ?
ഇതിന് പിന്നിൽ കളിക്കുന്നതാരാണ്? ചോദ്യങ്ങൾ നീളുകയാണ്....