തലയോലപ്പറമ്പ് : കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കന്ററി സ്‌കൂളിലെ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഗാന്ധിജിയുടെ 150-ാം ജന്മ വാർഷികവും ഗാന്ധിജി ചർക്ക ആരംഭിച്ചതിന്റെ 100-ാം വാർഷികവും പ്രമാണിച്ച് ഗാന്ധിജിയുടെ ആദർശങ്ങൾ സമൂഹത്തിലേയ്ക്കും വിദ്യാർത്ഥികളിലേയ്ക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'ഗാന്ധി സ്മൃതി' എന്ന പേരിൽ ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന ഗാന്ധി തത്വം, സ്വദേശി, ശുചിത്വം തുടങ്ങിയ ഗാന്ധിജിയുടെ അടിസ്ഥാന ആശയങ്ങൾ എന്നിവ കൂടുതൽ ജനഹൃദയങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായി വിപുലമായ ഗൃഹസമ്പർക്കം, ബോധവൽകരണ ക്ലാസ്സുകൾ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ , വൃക്ഷതൈ നടീൽ, ഖാദി വസ്ത്രങ്ങളുടെ എക്‌സിബിഷൻ, സെമിനാറുകൾ, പ്രസംഗ മത്സരം, ശുചീകരണം, ലഘുലേഖ വിതരണം തുടങ്ങിയ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടികളുടെ ഭാഗമായി വെള്ളൂർ, കാരിക്കോട്, കൈയൂരിക്കൽ, മൂർക്കാട്ടിപ്പടി, പെരുവ എന്നീ സ്ഥലങ്ങളിൽ കുട്ടികളുടെ നേതൃത്വത്തിൽ 'എന്റെ ഗ്രാമം ശുചിത്വ ഗ്രാമം' എന്ന സന്ദേശം നൽകി ശുചീകരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം സ്‌കൂൾ പ്രിൻസിപ്പൽ കെ. വിജയകുമാർ നിർവ്വഹിച്ചു. അദ്ധ്യാപകരായ കെ. എം. സുധാകരൻ, പി.വി. സുജ, കെ.കെ ബേബി, കെ. ജി സുധീഷ്, സജിനി എിവർ പരിപാടികൾക്ക് നേതൃത്വം നൽകി.