തലയോലപ്പറമ്പ് : പെരുവ ഗവ. വി. എച്ച്. എസ്. എസ്സിലെ എൻ. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുളക്കുളം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ 78-ാം നമ്പർ അംഗൻവാടിയുടെ നവീകരണം നടത്തി. നവീകരണ പരിപാടികൾക്ക് പ്രിൻസിപ്പാൾ ജിജോ ജോൺ എം, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ഷൈൻ പോൾ എന്നിവർ നേതൃത്വം നൽകി. അംഗനവാടി പെയിന്റിംഗ് ആകർഷകമായി ഏകോപിപ്പിച്ച ആർട്ടിസ്റ്റ് ഏലിയാസ് കാക്കൂർ ശ്രദ്ധേയനായി. കാടുപിടിച്ചു കിടന്ന പരിസരം വൃത്തിയാക്കി വി.എച്ച്.എസ്.ഇ ഒന്നാം വർഷ വോളണ്ടിയർമാർ പച്ചക്കറിതൈകളും അലങ്കാരച്ചെടികളും നട്ടു. അംഗനവാടിയിലെ കുരുന്നുകൾക്ക് സൈക്കിളുകൾ, കളിപ്പാട്ടങ്ങൾ, ചാർട്ടുകൾ, വൈറ്റ് ബോർഡ് മറ്റ് പഠന സാമഗ്രികൾ എന്നിവ വോളിണ്ടിയർമാർ സ്വരൂപിച്ചത് പി. ടി. എ. പ്രസിഡന്റ് സന്തോഷ് കെ.ടി, വാർഡ് മെമ്പർ ജോർജ്കുട്ടി ആനിക്കുഴി എന്നിവർ ചേർന്ന് അംഗനവാടിക്ക് കൈമാറി. സ്കൂളിൽ നടന്ന എൻ.എസ്.എസ് ദ്വിദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് ശ്രേഷ്ടബാല്യം പ്രൊജക്ട് നിർവ്വഹണത്തിന്റെ ഭാഗമായിട്ടാണ് യൂണിറ്റ് അംഗനവാടി ഏറ്റെടുത്ത് സമുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത്. ശ്രേഷ്ടബാല്യം മിനി ക്യാമ്പ് മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുജാത സുമോൻ ഉദ്ഘാടനം ചെയ്തു, പി.ടി.എ പ്രസിഡന്റ് സന്തോഷ് കെ.ടി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാർ പി.യു മാത്യു, പ്രിൻസിപ്പാൾ ജിജോ ജോൺ, വെസ് പ്രസിഡന്റ് വേണു എം. ആർ, ഷൈൻ പോൾ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന്റെ ഭാഗമായി സാമൂഹ്യസേവനവും വ്യക്തി വികസനവും എന്ന വിഷയത്തിൽ മുൻ പ്രോഗ്രാം ഓഫീസർ ജോജി അഗസ്റ്റിൻ ക്ലാസുകൾ നയിച്ചു. അംഗൻവാടിക്ക് ഉടൻ തന്നെ വാട്ടർ, വൈദ്യുതി കണക്ഷൻ ലഭ്യമാക്കാകാൻ നടപടി സ്വികരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.