prethishedam

തലയോലപ്പറമ്പ് : കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ മുളക്കുളം പഞ്ചായത്തിലെ പ്രധാന കവലകളിലെ ഹൈമാസ്​റ്റ് ലൈ​റ്റുകളിൽ മിക്കതും പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. പഞ്ചായത്ത്, കെ. എസ്. ഇ. ബി. അധികൃതർ തമ്മിലുള്ള വടംവലി മൂലമാണ് ലൈ​റ്റുകൾ കത്തിക്കാത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്തിലെ 14-ാം വാർഡിലെ ലൈബ്രറിപ്പടി ജാതിക്കാമല റോഡിൽ നാല് മാസങ്ങൾക്ക് മുൻപ് പുതിയതായി സ്ഥാപിച്ച 10 ഓളം സ്ട്രീറ്റ് ലൈ​റ്റുകൾ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് പ്രകാശിച്ചത്. നൂറ് കണക്കിന് ആളുകൾ കാൽനടയായി പോകുന്ന ഈ ഭാഗത്ത് വഴിവിളക്ക് മിഴിയടച്ചതോടെ രാത്രി കാലങ്ങളിലെ യാത്ര ദുരിതപൂർണ്ണമാണ്. ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. അധികൃതരുടെ അനാസ്ഥക്കെതിരെ
കഴിഞ്ഞ ദിവസം കീഴൂർ പ്ലാംചുവട്ടിലെ മിഴിയടച്ച ഹൈമാസ്​റ്റ് ലൈ​റ്റിന് ചുവട്ടിൽ ബി.ജെ.പി ബൂത്ത് കമ്മി​റ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ചും റീത്ത് സമർപ്പിച്ചും പ്രതിക്ഷേധ സമരം നടത്തി.
പെരുവ ജംഗ്ഷൻ, മൂർക്കാട്ടിൽപ്പടി ജംഗ്ഷൻ എന്നിവിടങ്ങളിലെ ലൈ​റ്റുകൾ മിഴിയടച്ചിട്ട് നാളുകളായിട്ടും ഇതിന് അടിയന്തിര പരിഹാരം ഇനിയും കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരം നടത്തുവാനുള്ള നീക്കത്തിലാണ് വിവിധ സാമൂഹിക സംഘടകളും നാട്ടുകാരും.