കോട്ടയം : ദർശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അഖില കേരള പ്രൊഫഷണൽ നാടകമത്സരം നാലു മുതൽ 13 വരെ കോട്ടയം ദർശന സാംസ്‌കാരികകേന്ദ്രത്തിൽ നടക്കും. ധർമ്മ ഭൂമിയാണ് (അയനം നാടകവേദി), ജീവിതം മുതൽ ജീവിതം വരെ (പാലാ കമ്മ്യൂണിക്കേഷൻസ്), വേനലവധി (കോഴിക്കോട് സങ്കീർത്തന), കാലം കാത്തുവെച്ചത് (ഭരത് കമ്മ്യൂണിക്കേഷൻസ്), ഇവിടെ ഒരു പുഴ ബാക്കിയായി (കോട്ടയം സുരഭി), ജീവിത പാഠം (തിരവനന്തപുരം സംസ്കൃതി), നേരറിവ് (ചങ്ങനാശ്ശേരി അണിയറ), ദൂരം (അമല കമ്മ്യൂണിക്കേഷൻസ്), പാട്ടുപാടുന്ന വെള്ളായി (വള്ളുവനാട് ബ്രഹ്മ), ഇതിഹാസം (തിരുവനന്തപുരം സൗപർണിക) എന്നിവയാണ് മത്സര നാടകങ്ങൾ. എല്ലാ ദിവസവും 6.15ന് നാടകമാരംഭിക്കും. പ്രവേശനം സൗജന്യമാണ്. 4ന് വൈകുന്നേരം 5.30ന് നടൻ ടി. പി. മാധവൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യാതിഥി ആയിരിക്കും. വി. എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തും. കുട്ടികളുടെ ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവ് ജോഷി മാത്യുവിനെ ആദരിക്കും. നാടക പ്രവർത്തകൻ മുഹമ്മദ് മുസ്ലീം, ദർശന ഡയറക്ടർ ഫാ. തോമസ് പുതുശേരി, പ്രൊഫ. ജയിംസ് മണിമല, തേക്കിൻകാട് ജോസഫ്,. പി. ആർ. ഹരിലാൽ, കെ. പി. ചന്ദ്രശേഖരൻ നായർ, ആർട്ടിസ്റ്റ് അശോകൻ എന്നിവർ ആശംസകളർപ്പിക്കും. നാടക രംഗത്ത് 'ശബ്ദവും വെളിച്ചവും' അത്ഭുതകരമായി പ്രയോഗിച്ച പി. എസ്. ശങ്കുണ്ണിയെ ആർട്ടിസ്റ്റ് സുജാതൻ അനുസ്മരിക്കും. 'മലയാള നാടകഗാനങ്ങൾ ഇന്നലെ ഇന്ന്' എൻ.എൻ. പിളള സ്മാരക പ്രഭാഷണ പരമ്പരയിൽ രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം. നടത്തും. 7 മുതൽ എല്ലാദിവസവും വൈകുന്നേരം 5.30ന് കോട്ടയത്തും പരിസരപ്രദേശങ്ങളിലുമുള്ള നാടക സംഗീത സംവിധായകരെ സ്മരിക്കുന്ന 'സ്മൃതിദർപ്പൺ', നാടകരംഗത്ത് ദീർഘകാലം പ്രവർത്തനം നടത്തിയവരെ ആദരിക്കുന്ന 'ആദരപൂർവ്വം എന്നീ പരിപാടികൾ നടക്കും. മികച്ച നാടകത്തിന് മുകളേൽ ഫൗണ്ടേഷന്റെ എവർറോളിംഗ് ട്രോഫിയും, രണ്ടാമത്തെ മികച്ച നാടകത്തിന് ഇടിമണ്ണിക്കൽ ജൂവലറി ട്രോഫിയും നൽകും. ദർശന ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ, പി. ആർ. ഹരിലാൽ, ആർട്ടിസ്റ്റ് അശോകൻ, കെ. പി.ചന്ദ്രശേഖരൻ നായർ, ജേക്കബ് പണിക്കർ എന്നിവർ പത്രസമ്മേളനത്തിലാണ് പരിപാടികൾ വിശദീകരിച്ചത്.