കോട്ടയം: വിവാഹത്തിന് മുമ്പ് പ്രതിശ്രുത വരനും വധുവും കൗൺസലിംഗിൽ പങ്കെടുക്കുന്നത് നിർബന്ധമാക്കണമെന്ന് വനിത കമ്മിഷൻ. കൗൺസലിംഗിൽ പങ്കെടുത്തതിന്റെ രേഖ ഹാജരാക്കാൻ നിയമം കൊണ്ടുവരണമെന്നും
സംസ്ഥാന വനിത കമ്മിഷൻ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തു. വിവാഹേതര ബന്ധങ്ങൾ ഏറിവരുന്ന സാഹചര്യത്തിലാണ് ശുപാർശ നല്കിയിട്ടുള്ളതെന്ന് കമ്മിഷൻ അംഗം ഇ.എം.രാധ പറഞ്ഞു.
വിവാഹേതരബന്ധങ്ങൾ ആധുനിക സമൂഹത്തിൽ സങ്കീർണ്ണമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും കൗൺസലിംഗിൽ പങ്കെടുത്താൽ ഒരു പരിധിവരെ പ്രശ്നങ്ങൾക്ക് പരിഹാരമാവും. ക്രിസ്ത്യൻ, ഈഴവ സമുദായങ്ങളിൽ ഇപ്പോൾ തന്നെ വിവാഹപൂർവ കൗൺസലിംഗിൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
എട്ടു ലക്ഷം രൂപയും സ്വർണാഭരണങ്ങളും പൊലീസുകാരൻ തട്ടിയെടുത്ത് മുങ്ങിയെന്ന വീട്ടമ്മയുടെ പരാതിയിലാണ് വനിതാ കമ്മിഷന്റെ ഇടപെടൽ.
വീട്ടമ്മയുടെ പരാതിയിൽ പൊലീസ് ഓഫീസർക്കെതിരെ നടപടിയെടുക്കാൻ കമ്മിഷൻ ശുപാർശ ചെയ്തു.
കോട്ടയത്ത് കഴിഞ്ഞദിവസം നടന്ന മെഗാ അദാലത്തിലാണ് സംഭവം. പണവും സ്വർണ്ണവും തട്ടിയെടുത്ത പൊലീസുകാരൻ ഭാര്യയെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് ഇപ്പോൾ ഒളിവിലാണെന്ന് വീട്ടമ്മ പറഞ്ഞു.ഫോൺ വിളിച്ചാൽ കിട്ടുന്നില്ലെന്നും കഴിഞ്ഞ മൂന്നു മാസമായി സിം കാർഡ് ഊരിമാറ്റിയിരിക്കയാണെന്നും അവർ അറിയിച്ചു. എറണാകുളത്ത് ഏതോ പൊലീസ്റ്റേഷനിലുണ്ടെന്ന വീട്ടമ്മയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ഇയാളെ കണ്ടെത്തി ഹാജരാക്കാൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ ഓഫീസർക്ക് കമ്മിഷൻ നിർദ്ദേശം നല്കി.