കോട്ടയം: സഭാ തർക്കത്തിൽ പാത്രിയാർക്കീസ് വിഭാഗത്തെ പിന്തുണയ്ക്കുന്ന യു.ഡി.എഫിന് വോട്ടുബാങ്കിനപ്പുറം എന്തോ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ഓർത്തഡോക്സ് സഭാ വക്താക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാത്രിയാർക്കീസ് പക്ഷം എൽ.ഡി.എഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടും യു.ഡി.എഫ് അവരുടെ കൂടെ നിൽക്കുന്നത് വോട്ടുബാങ്ക് മാത്രം ലക്ഷ്യംവച്ചിട്ടല്ലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യു.ഡി.എഫ് കൺവീനറെന്ന നിലയിൽ ബെന്നി ബഹനാൻ പാത്രിയാർക്കീസ് വിഭാഗത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് ശരിയാണെങ്കിൽ അങ്ങേയറ്റം നിർഭാഗ്യകരമാണ്. അത് യു.ഡി.എഫിന്റെയോ കോൺഗ്രസിന്റെയോ നിലപാടാണോയെന്ന് വ്യക്തമാക്കണം. എം.പിയെന്ന നിലയിൽ അദ്ദേഹത്തിന്റെ നിലപാട് സത്യപ്രതിജ്ഞാലംഘനവുമാണ്. സുപ്രീംകോടതി വിധിക്കെതിരായി നടത്തുന്ന സമരത്തിൽ ഏത് ജനപ്രതിനിധികൾ പങ്കെടുക്കുന്നതും പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നതും ജനാധിപത്യ സംവിധാനങ്ങളോടുള്ള അവഹേളനമാണ്.
മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് തിരഞ്ഞെടുപ്പുകാലത്ത് പ്രത്യേക നിലപാടുകളില്ല. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും ഏതെങ്കിലുമൊരു മുന്നണിയെ പിന്തുണയ്ക്കുന്നുമില്ല. അതേസമയം ഇവിടെ നടക്കുന്നതെല്ലാം കണ്ടുംകേട്ടുമിരിക്കുന്ന ജനങ്ങൾ പ്രബുദ്ധരാണ്, അവർ കാര്യങ്ങൾ വേണ്ടപോലെ മനസിലാക്കി വോട്ടുചെയ്യും.
കോടതിവിധിയുടെ അടിസ്ഥാനത്തിൽ പള്ളിയിൽ നിന്ന് വിശ്വാസികളെ ഇറക്കിവിടാൻ ഓർത്തഡോക്സ് സഭ ആഗ്രഹിക്കുന്നില്ല. അതേസമയം രാജ്യത്തിന്റെ പരമോന്നത നീതിപീഠം പ്രഖ്യാപിച്ച വിധി നടപ്പാക്കുകയും വേണം. ജനാധിപത്യ മതേതര മൂല്യങ്ങളിൽ വിശ്വസിക്കുന്ന സർക്കാരും രാഷ്ട്രീയ പാർട്ടികളും സുപ്രീംകോടതിവിധി നടപ്പാക്കാനും ഭിന്നിച്ചുനിൽക്കുന്ന സഭാ വിശ്വാസികളെ ഒന്നിച്ചുചേർക്കാനുമാണ് പരിശ്രമിക്കേണ്ടത്. അല്ലാതെ ഏതെങ്കിലും ഒരുപക്ഷം പിടിച്ച് ഭിന്നിപ്പുണ്ടാക്കരുത്. സഭാതർക്കം രമ്യമായി പരിഹരിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളിൽ ഓർത്തഡോക്സ് വിഭാഗം സഹകരിക്കുന്നില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. വിധി നടപ്പാക്കാനാണ് സർക്കാർ മുൻകൈ എടുക്കേണ്ടത്. ചർച്ചയ്ക്ക് വിളിച്ചാൽ സഹകരിക്കുമെന്നും വക്താക്കൾ പറഞ്ഞു. ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സഭ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.