പാലാ : പൊട്ടിപ്പൊളിഞ്ഞ് കുളമായ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് കണ്ട 'ഗാന്ധിജി ' മൂക്കത്തു വിരൽവച്ചു. ഇതൊന്നു നന്നാക്കാൻ അധികാരികളാരുമില്ലേ ? ഈ ഗാന്ധിജയന്തി ദിനത്തിലെങ്കിലും. പാലാ നഗരത്തിലും പരിസര പ്രദേശങ്ങളിലും ലോട്ടറി വില്പന നടത്തുന്ന ഇടനാട് കോയിക്കൽ വിശ്വനാഥനാണ് ഗാന്ധിജിവേഷപ്രച്ഛന്നനായി എത്തിയത്. കഴിഞ്ഞ 10 വർഷമായി പലവേദികളിലും ഗാന്ധിജിയുടെ വേഷം അണിഞ്ഞ് ഇദ്ദേഹം എത്താറുണ്ട്. കോട്ടയം ഗാന്ധിസ്‌ക്വയറിലെത്തി പുഷ്പാർച്ചനയ്ക്കുശേഷമാണ് വിശ്വനാഥൻ പാലായിലെത്തിയത്. അപ്രതീക്ഷിതമായി സ്റ്റാൻഡിലേക്ക് കടന്നുവന്ന ഗാന്ധിജിയെ കണ്ട് യാത്രക്കാരും ജീവനക്കാരും തടിച്ചുകൂടി. സ്റ്റാൻഡിന്റെ മുക്കിലും മൂലയിലും വടിയും കുത്തി നഗ്‌നപാദ
നായി ഇദ്ദേഹം നടന്നു. യാത്രക്കാരോടും, വ്യാപാരികളോടും, ഓട്ടോ തൊഴിലാളികളോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സ്റ്റാൻഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെയുള്ള സമരത്തിൽ താനും മുൻപിലുണ്ടാകുമെന്ന് ഉറപ്പ് നൽകിയാണ് ഇദ്ദേഹം മടങ്ങിയത്.