വൈക്കം: ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് പൊതുജന പങ്കാളിത്തത്തോടെ വിവിധ മേഖലകളിൽ സംഘനകളുടെ നേതൃത്വത്തിൽ റോഡ് ശുചീകരണം, പുനർനിർമ്മാണം, വൈദ്യുതി ലൈൻ പുനഃസ്ഥാപനം തുടങ്ങിയ സേവന പ്രവർത്തനങ്ങൾ നടത്തി.
ഉദയനാപുരം പഞ്ചായത്തിന്റെ 15 ാം വാർഡിൽ ആലിൻചുവട് ഓർശ്ലേം പള്ളി റോഡിന്റെ പുനർനിർമ്മാണം ശ്രദ്ധേയമായി. പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച ഒരു ലക്ഷം രൂപാ ചെലവിൽ പത്തുവർഷമായി തകർന്നു കിടന്ന ഒന്നര കിലോമീറ്റർ റോഡ് സഞ്ചാരയോഗ്യമാക്കി. ശബരിമല മുൻ മേൽശാന്തി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയും, ഓർശ്ലേം പള്ളി സഹവികാരി ഫാ. ആൽബിൻ പാറേക്കാട്ടിലും ചേർന്ന് നിർമ്മാണ ജോലികൾ ഉദ്ഘാടനം ചെയ്തു. ഈ റോഡിൽ വൈദ്യുതി വിളക്കുകളും പുഃനസ്ഥാപിച്ചു. അഡ്വ. ജെയിംസ് കടവൻ, ഹരിക്കുട്ടൻ ഗൗരീമന്ദിരം, റെജോ കടവൻ, ശശിധരൻ വടക്കേവീട്ടിൽ, തോമസ് നാഗരേഴത്ത്, പ്രസാദ് കാരേത്തറ, രാജപ്പൻ, ബിനു പുത്തൻതറ എന്നിവർ നേതൃത്വം നൽകി.
ദീർഘകാലമായി കുണ്ടും കുഴിയുമായി തകർന്നു കിടന്ന മടിയത്ര ആയുർവേദ ആശുപത്രി റോഡ് ഗാന്ധിജയന്തി വാരാചരണത്തിൽ ജനകീയ കൂട്ടായ്മയിൽ പുനർനിർമ്മിച്ചു. സ്‌കൂൾ വിദ്യാർത്ഥികളും, ആശുപത്രി രോഗികളും ദീർഘകാലമായി നേരിട്ട യാത്രാ ദുരിതത്തിന് ശമനമായി. അശോകൻ വെള്ളവേലി, ചന്ദ്രബാബു എഴുകണ്ടയിൽ, സദൻ, ഷാജി, പ്രസന്നൻ, ശ്രീജിത്ത് മാക്കനേഴത്ത്, മുരളി എന്നിവർ നേതൃത്വം നൽകി. എം സാന്റും, മെറ്റിലും ഇറക്കിയാണ് റോഡ് നിർമ്മിച്ചത്.
സ്‌നേഹ റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി വാരാചരണത്തിൽ പുളിഞ്ചുവട് മുരിയൻകുളങ്ങര, നാറാണത്ത് മാത്തിയിൽ എന്നീ റോഡുകൾ ശുചീകരിച്ചു. ജെ. സി. ബി. ഉപയോഗിച്ച് ഓടകളും ശുചീകരിച്ചു. റോഡരികുകളിലെ പച്ചക്കാടുകളും നീക്കം ചെയ്തു. പ്രസിഡന്റ് പി. ശിവദാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. ശിവപ്രസാദ്, വി. കെ. വിജയൻ, സുധീഷ് ബാബു, സോമൻ, വിദ്യ മഞ്ജു, കെ. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി വൈക്കം എറണാകുളം റോഡിലെ വിവിധ ഭാഗങ്ങൾ ശുചീകരിച്ചു. ഗതാഗതത്തിന് തടസ്സമായിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു. പ്രസിഡന്റ് ടി. ജി. ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. എം. സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് പ്രസന്ന മോഹനൻ, ജീവൻ ശിവറാം, സി. ഒ. എബ്രഹാം, അഡ്വ. ചന്ദ്രബാബു എടാടൻ, വി. മോഹനൻ, ടി. കെ. മോഹനൻ, ദിനേശൻ കാർത്തിക, വി. നന്ദുലാൽ എന്നിവർ നേതൃത്വം നൽകി.