cleaning

കോട്ടയം: പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ഗാർഹിക മാലിന്യം പൊതുസ്ഥലത്തും ജലാശയങ്ങളിലും വലിച്ചെറിഞ്ഞ് സായൂജ്യമടയുന്നവർക്കൊരു കിടിലൻ ഓഫർ... വെറുതെ കളയേണ്ട..! കരുതിവച്ചാൽ വരുമാനമുണ്ടാക്കാം.

വേമ്പനാട് കോസ്റ്റൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയാണ് ഗാർഹിക മാലിന്യനിർമ്മാർജനത്തിന് പുത്തനൊരാശയം അവതിരിപ്പിക്കുന്നത്. 'ശുചിത്വം വീടുകളിൽ നിന്നും സമൂഹത്തിലേക്ക്' എന്നതാണ് ഇവരുടെ മുദ്രാവാക്യം. നിത്യേനയുള്ള ഗാർഹിക മാലിന്യങ്ങൾ പ്ലാസ്റ്റിക് ചാക്കിൽ നിക്ഷേപിച്ച് കമ്പോസ്റ്റ് ആക്കുന്നതിനുള്ള ത്വരകങ്ങളും വിതറി സൂക്ഷിച്ചാൽ നിശ്ചിതദിവസങ്ങൾക്കുള്ളിൽ ഒന്നാന്തരം കമ്പോസ്റ്റ് വളമാകും. മുന്നൂറ് രൂപയിലധികം വിലവരുന്ന വളം ആവശ്യമുണ്ടെങ്കിൽ അവരവർക്ക് തന്നെ ഉപയോഗിക്കാം. ആവശ്യമില്ലെങ്കിൽ ന്യായമായ വിലനൽകി കമ്പനിതന്നെ വാങ്ങി ആവശ്യക്കാർക്ക് വിപണനം നടത്തും. ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് ഇന്നലെ വെച്ചൂർ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നബാർഡ് ജില്ലാ ഡവലപ്മെന്റ് മാനേജർ കെ.ബി. ദിവ്യ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശകുന്തള അദ്ധ്യക്ഷത വഹിച്ചു.

ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തുന്ന ശുചിത്വവാരാചരണ കാലത്ത് ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. വെച്ചൂർ ബി.എസ്.എൻ.എൽ ഓഫീസിന് പിൻവശത്തുള്ള രാജീവ് ഗാന്ധി കോളനിയിലെ 15 വീടുകളിലാണ് ഇന്നലെ പദ്ധതി ആരംഭിച്ചത്.

മുതൽ മുടക്ക്

ആകെ മുതൽ മുടക്ക് - 55 രൂപ

വരുമാനം - 300രൂപ

പദ്ധതിയുടെ സവിശേഷത

♦ വീടുകളിലെ ഖരമാലിന്യം പ്ലാസ്റ്റിക് ചാക്കിൽ നിക്ഷേപിച്ച് 120 ദിവസം കൊണ്ട് കമ്പോസ്റ്റാക്കാം.

♦ നാട്ടിൽ ശുചിത്വം വീടിന് വരുമാനം

♦ മാലിന്യനിർമ്മാർജനത്തിനുവേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാരിച്ച് സാമ്പത്തിക ബാധ്യത ലഘൂകരിക്കാം

♦ നിലവിലുള്ള കമ്പോസ്റ്റ് നിർമ്മാണസംവിധാനങ്ങളെ അപേക്ഷിച്ച് ഏറ്റവും ചെലവ് കുറവ്

♦ പദ്ധതിയിൽ അംഗങ്ങളാകുന്ന വീടുകൾക്ക് പ്രത്യേക ആനുകൂല്യമെന്ന നിലയിൽ ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകൾ കിലോഗ്രാമിന് പത്തുരൂപ നിരക്കിൽ കമ്പനിശേഖരിക്കും

പദ്ധതി നടത്തിപ്പിന് തിരഞ്ഞെടുത്ത പഞ്ചായത്തുകൾ

1. കാണക്കാരി

2. നീണ്ടൂർ

3. കല്ലറ

4. വെച്ചൂർ

5. തലയാഴം

6. കുമരകം

7. വെള്ളൂർ

8. മറവൻതുരുത്ത്

9. ചെമ്പ്

10. ഉദയനാപുരം

11. ടി.വി പുരം

12. മാഞ്ഞൂർ