merit-award

ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ വിവിധ ശാഖകളിൽപ്പെട്ട കുടുംബാംഗങ്ങളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി വിതരണം ചെയ്യുന്ന മെറിറ്റ് അവാർഡ് വിതരണോദ്ഘാടനം കോട്ടയം അസി. കളക്ടർ ശിഖാ സുരേന്ദ്രൻ ഐ.എ.എസ് നിർവഹിച്ചു. പത്താം ക്ലാസുമുതൽ ഡിഗ്രി, പിജി, ബി ടെക്ക്, എം.ടെക്, എം.ബി.ബി.എസ് തുടങ്ങിയവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ 115-ഓളം പേർക്കാണ് അവാർഡ് വിതരണം ചെയ്തത്. വടയമ്പാടി ശാഖാഗം കൂടിയായ ശിഖാ സുരേന്ദ്രനെ യോഗത്തിൽ ആദരിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ഗൃഹസ്ഥ ശിക്ഷ്യനും മഹാകവിയും എസ്.എൻ.ഡി.പി യോഗത്തിൻറെ പ്രഥമ ജനറൽ സെക്രട്ടറിയുമായിരുന്ന കുമാരനാശാൻ 1919ൽ രചിച്ച ദീപാർപ്പണ കൃതിയുടെ രചനാ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കുറിച്ചി മഠാധിപധി ധർമ്മ ചൈതന്യ സ്വാമികൾ ഭദ്രദീപം കൊളുത്തി അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സ്വാഗതം പറഞ്ഞു. യോഗം ഡയറക്ടർബോർഡ് മെമ്പർ എൻ. നടേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി. എം ചന്ദ്രൻ, നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സജീവ് പൂവത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങൾ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം, യൂത്ത്മൂവുമെൻറ്, കുമാരീ സംഘം, ബാലജനയോഗം, വൈദിക സമിതി, സൈബർസേന തുടങ്ങിയ പോഷക സംഘടന യൂണിയൻ ഭാരവാഹികൾ പങ്കെടുത്തു.