കിടങ്ങൂർ : മീനച്ചിലാറിന്റെ തീരത്തെ കാവാലിപ്പുഴ മിനി ബീച്ചിൽ ഗാന്ധിജയന്തി ആചരണങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളുടെ ശുചീകരണയജ്ഞവും പുഴയറിവ് പരിപാടിയും നടന്നു. പള്ളിക്കോണം രാജീവ് തയ്യാറാക്കിയ മീനച്ചിലാറിന്റെ സമഗ്രവും സൂക്ഷ്മവുമായ ഭൂപടത്തിന്റെ സഹായത്തോടെ പുഴയറിവ് അവതരിപ്പിച്ചു. ഐതിഹ്യങ്ങളിലൂടെയും ചരിത്രത്തിലൂടെയും നിവരുന്ന മീനച്ചിലാറിന്റെ സാംസ്‌കാരികത്തനിമയും ഭൂമിശാസ്ത്രപരമായ ഘടനയും അവതരിപ്പിച്ചത് കുട്ടികൾക്ക് പുതിയ അനുഭവമായി. കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ഷൈബി മാത്യു ഉദ്ഘാടനം ചെയ്തു. പള്ളിക്കോണം രാജീവ് തയ്യാറാക്കിയ മീനച്ചിൽ നദീതടത്തിന്റെ ഭൂപടം കിടങ്ങൂർ ജനമൈത്രി സ്റ്റേഷനിലെ എ.എസ്.ഐ ഷാജി തോമസ് അനാച്ഛാദനം ചെയ്തു. മീനച്ചിൽ നദീസംരക്ഷണസമിതി പ്രസിഡന്റ് ഡോ.എസ്. രാമചന്ദ്രൻ, രവി പാലാ, വേണുഗോപാൽ, ഫാ. ജോർജ്ജ് വട്ടപ്പാറ, ഫാ. സോബി തോമസ് എന്നിവർ സന്നിഹിതരായിരുന്നു. രമേഷ് കിടങ്ങൂർ, സൂര്യകാന്ത് എന്നിവർ നേതൃത്വം നൽകി.