കിടങ്ങൂർ : ഒടുവിൽ കിടങ്ങൂർ പഴയ റോഡിലെ ഫുട്പാത്ത് 'തെളിഞ്ഞു'. കാട്ടുപള്ളകൾ കയറി ഇഴജന്തുക്കളുടെ താവളമായിരുന്ന ഫുട്പാത്തിന്റെ ശോച്യാവസ്ഥ കഴിഞ്ഞ ദിവസം ' കേരളകൗമുദി ' റിപ്പോർട്ട് ചെയ്തിരുന്നു. അധികാരികൾ അവഗണിച്ച ഫുട്പാത്തിന്റെ ദൈന്യാവസ്ഥയ്ക്ക് ഗാന്ധിജയന്തി ദിനത്തിലെങ്കിലും 'മോക്ഷം' കിട്ടുമോ എന്ന ചോദ്യത്തിന് ഗാന്ധി ജയന്തി ദിനത്തിൽ തന്നെ ശ്രമദാനത്തിലൂടെ മറുപടി നൽകി മാതൃകയായത് കിടങ്ങൂർ വൈസ് മെൻസ് ക്ലബാണ്. ഇന്നലെ രാവിലെ കിടങ്ങൂർ കോട്ടപ്പുറം പഴയ റോഡിലെ ഫുട്പാത്തിലേക്ക് തൂമ്പയും കൊട്ടയും വാക്കത്തിയുമൊക്കെയായി ഇറങ്ങിയ വൈസ് മെൻസ് ക്ലബ് അംഗങ്ങൾ ഉച്ചയോടെ ഇവിടം ക്ലീനാക്കി മടങ്ങി. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മാലിന്യത്തോടൊപ്പം കാട്ടുവള്ളികളും കൂടിയായതോടെ ഇതുവഴിയുള്ള കാൽനടയാത്ര അസാദ്ധ്യമായിരുന്നു. വ്യാപാരികൾക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചു. ശുചീകരണ പരിപാടി പാമ്പാടി ബ്ലോക്ക് മെമ്പർ ടി.ടി.ജോസ് തടത്തിൽ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എ.എം മാത്യു, സെക്രട്ടറി ജയിംസ് കുന്നപ്പിള്ളി, കെ.ഗോപിനാഥൻ കറുശ്ശേരിൽ, സണ്ണി മ്ലാവിൽ, ഏപ്പ് പുറത്തേൽ, ജയിംസ് ചെകിടിയേൽ തുടങ്ങിയവർ നേതൃത്വം നൽകി.