കോട്ടയം: നേച്ചർ എന്ന് ഇംഗ്ളീഷിൽ വായിക്കുമ്പോൾ നെട്ടൂരേയും ഫ്യൂച്ചർ ഫുട്ടൂരെയുമൊക്കെ ആയി പോകുന്നതിൽ നമ്മുടെ പിള്ളാരെ പഴിപറഞ്ഞിട്ട് ഒരു കാര്യവുമില്ല. സർക്കാർ സ്കൂളുകളിൽ നേരെ ചൊവ്വേ ഇംഗ്ളീഷ് പഠിപ്പിക്കാൻ ഇപ്പോഴും അദ്ധ്യാപകരില്ല. കണക്ക്, സയൻസ്, സാമൂഹികശാസ്ത്രം അദ്ധ്യാപകരെക്കൊണ്ടുള്ള 'അഡ്ജസ്റ്റ്മെന്റ്' തുടരുകയാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകൾ രാജ്യാന്തര നിലവാരത്തിലേയ്ക്ക് ഉയർത്താനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും ഇംഗ്ളീഷ് തസ്തിക സൃഷ്ടിക്കുന്നില്ല. ജില്ലയിൽ 64 ൽ 45 ഹൈസ്കൂളുകളിലും ഇംഗ്ളീഷ് അദ്ധ്യാപകരില്ല.
ഏതു വിഷയം പഠിപ്പിക്കാനും അതതു വിഷയത്തിൽ ബി.എഡ് വേണമെന്നാണ് നിയമം. പക്ഷേ, ഇംഗ്ലീഷിന്റെ കാര്യത്തിൽ മാത്രം നടപ്പാകുന്നില്ല. മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നവർ ഇംഗ്ലീഷ് കൂടി പഠിപ്പിച്ചാൽ മതിയെന്നാണ് സർക്കാർ നിലപാട്.
ഇംഗ്ലിഷ് പഠിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതിനെക്കുറിച്ച് ഇംഗ്ലീഷ് അദ്ധ്യാപകർക്കു മാത്രം കിട്ടുന്ന പരിശീലനം മറ്റു വിഷയങ്ങളുടെ അദ്ധ്യാപകർക്കു കിട്ടുന്നില്ല. അതുകൊണ്ട് അദ്ധ്യാപനത്തിന്റ പുതിയ രീതികൾ ഇംഗ്ലീഷ് ക്ലാസ് മുറികളിൽ എത്തുന്നുമില്ല. സംസ്ഥാനത്ത് മലപ്പുറം ജില്ലയിൽ മാത്രമാണ് എല്ലാ സർക്കാർ ഹൈസ്‌കൂളുകളിലും ഇംഗ്ലീഷ് അദ്ധ്യാപക തസ്തിക ഉള്ളത്.
നിയമം വന്നത് 2002ൽ
2002ലാണ് ഇംഗ്ലീഷ് അദ്ധ്യാപകരായി ഇംഗ്ലീഷിൽ ബി.എഡ് ഉള്ളവർ വേണമെന്ന നിയമം നിലവിൽ വന്നത്. ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം എന്നിവയ്‌ക്കൊക്കെ അദ്ധ്യാപക തസ്തികയുള്ള സ്‌കൂളുകളിൽ പോലും ഇംഗ്ലീഷ് അദ്ധ്യാപക തസ്തിക ഇല്ല. ആഴ്ചയിൽ 15 പീരിയഡ് ഉള്ള എല്ലാ വിഷയത്തിനും അദ്ധ്യാപക തസ്തിക വേണമെന്ന് 2003ലെ വിദ്യാഭ്യാസ നിയമ ഭേദഗതിയും നടപ്പായില്ല.
'' സർക്കാർ നിയമപ്രകാരം ഇംഗ്ളീഷ് അദ്ധ്യാപക യോഗ്യത നേടിയ ഞങ്ങളെപ്പോലുള്ളവർ പുറത്തു നിൽക്കുകയാണ്. സർക്കാർ ഇടപെടലാണ് ആവശ്യം"
- ഷൈജു കുമാർ
ജില്ലയിൽ
ഇംഗ്ളീഷ്
അദ്ധ്യാപകരില്ലാത്ത
സ്കൂളുകൾ
45/ 64