കോട്ടയം: പ്രതിദിനം കാൽലക്ഷം രൂപ വരുമാനമുള്ള നാല് സർവീസുകൾ നിറുത്തലാക്കി കെ.എസ്.ആർ.ടി.സി. ഇത് കൂടാതെ സ്വകാര്യ ബസുകളിൽ നിന്നും ഏറ്റെടുത്ത ഏഴു സർവീസുകളും കെ.എസ്.ആർ.ടി.സി റദ്ദാക്കി. പ്രത്യേകിച്ച് കാരണമൊന്നും പറയാതെയാണ് കെ.എസ്.ആർ.ടി.സി സോണൽ ഓഫിസിൽ നിന്നും ഈ സർവീസുകൾ റദ്ദാക്കാൻ ഉത്തരവ് വന്നിരിക്കുന്നത്. ദിവസവും പുലർച്ചെ അഞ്ചു മണി, ഏഴര, ഉച്ചയ്‌ക്ക് 1.45, വൈകിട്ട് മൂന്നു മണി എന്നീ സമയങ്ങളിൽ കോഴിക്കോടിന് സർവീസ് നടത്തിയിരുന്ന ഫാസ്റ്റ് പാസഞ്ചറാണ് നിറുത്തലാക്കിയത്. എന്നാൽ, ഇന്നലെ മുതൽ ഈ സർവീസുകൾ അയക്കേണ്ടെന്ന് സോണൽ ഓഫിസിൽ നിന്നും നിർദേശം വരികയായിരുന്നു. കെ.എസ്.ആർ.ടി.സിയിലെ എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിട്ടപ്പോഴുണ്ടായ പ്രതിസന്ധിയുടെ പേരിലാണ് ഈ സർവീസുകൾ റദ്ദ് ചെയ്യാൻ നിർദേശം നൽകിയത്.

ഇതു കൂടാതെ കെ.കെ റോഡിൽ സ്വകാര്യ ബസുകളിൽ നിന്നും ഏറ്റെടുത്ത ഏഴ് സർവീസുകൾ കൂടി ഇന്നലെ മുതൽ അയക്കുന്നില്ല. സുപ്രീം കോടതി വരെ കേസ് നടത്തിയ ശേഷമാണ് സ്വകാര്യ ബസുകളിൽ നിന്നും ഈ റൂട്ട് കെ.എസ്.ആർ.ടി.സി പിടിച്ചെടുത്തത്. ഇതിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടായിരുന്ന ചെമ്മണ്ണാർ - തൂക്കുപാലം റൂട്ടിലെ സർവീസാണ് ഇപ്പോൾ റദ്ദാക്കിയനത്. ഇത് അടക്കം ഈ റൂട്ടിലെ ഏഴു സർവീസുകൾ റദ്ദാക്കാനുള്ള തീരുമാനം ഡിപ്പോയെ കടുത്ത പ്രതിസന്ധിയിലേയ്‌ക്കാണ് തള്ളിയിടുന്നത്.

വിശദീകരണം

ഡ്രൈവർമാരുടെ കുറവിനെ തുടർന്നാണ് സർവീസ് റദ്ദ് ചെയ്യാൻ സോണൽ ഓഫിസിൽ നിന്നും നിർദേശം വന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

 ആരോപണം

എന്നാൽ, സ്വകാര്യ ബസ് ലോബിയുമായുള്ള അവിഹിത ബന്ധമാണ് ഈ സർവീസുകൾ വെട്ടിക്കുറയ്‌ക്കുന്നതിനു പിന്നിലെന്നാണ് ആരോപണം ഉയരുന്നത്.

ഇന്നലെ മുടങ്ങിയത് 23ലേറെ സർവീസുകൾ

കെ.എസ്.ആർ.ടി.സിയിലെ എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിട്ടതോടെ ഇന്നലെയും 23 സർവീസുകൾ കോട്ടയം ഡിപ്പോയിൽ മുടങ്ങി. സ്റ്റേ സർവീസുകളാണ് മുടങ്ങിയതിൽ ഏറെയും. ഈ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ കൂടി ഈ വണ്ടികൾ മുടങ്ങിയാൽ യാത്രക്കാർ പ്രതിഷേധവുമായി എത്തിയേക്കുമെന്ന സൂചനയുണ്ട്. കാവാലം, കല്ലറ അടക്കമുള്ള സ്വകാര്യ ബസുകൾ മാത്രമുള്ള മേഖലകളിലേയ്‌ക്കുള്ള സർവീസുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്.

 25,000 രൂപയോളം വരുമാനം ലഭിച്ചിരുന്നു

ദിവസവും പുലർച്ചെ അഞ്ചു മണി, ഏഴര, ഉച്ചയ്‌ക്ക് 1.45, വൈകിട്ട് മൂന്നു മണി എന്നീ സമയങ്ങളിൽ കോഴിക്കോടിന് സർവീസ് നടത്തിയിരുന്ന ഫാസ്റ്റ് പാസഞ്ചറാണ് നിർത്തലാക്കിയത്. 25,000 രൂപയോളം വരുമാനം ലഭിച്ചിരുന്നതാണ് ഈ സർവീസുകളിൽ ഓരോന്നും.