കോട്ടയം: വാഹന നിയമ ഭേദഗതിയോടെ പിഴത്തുക പത്തിരട്ടിവരെയായപ്പോൾ, പരിശോധനക്കിറങ്ങിയ മോട്ടോർ വാഹനവകുപ്പിന് കോട്ടയംകാരോട് ഒന്നേ പറയാനുള്ളു. പിഴയിൽ നിന്ന് രക്ഷപ്പെടാനായി മാത്രം ഹെൽമറ്റ് വയ്ക്കരുത്. അതിന് ജീവന്റെ വിലകൂടിയുണ്ട്. പിഴയിൽ നിന്ന് രക്ഷപ്പെടാനായി തലമുഴുവനായി മൂടാത്ത ഹെൽമറ്റ് ധരിക്കുന്നവരുടെ എണ്ണം കൂടിയത് കൊണ്ടാണ് ഇങ്ങനെയൊരു നിർദേശം നൽകേണ്ടി വരുന്നത്. കോട്ടയത്ത് അടുത്തിടെയുണ്ടായ വാഹനാപകടങ്ങളിൽ തലയ്ക്ക് പരിക്കേറ്റവരിലേറെപ്പേരുടെയും ഹെൽമറ്റ് പ്രശ്നക്കാരനായിരുന്നെന്നാണ് കണ്ടെത്തൽ.
നിർദേശങ്ങൾ
ഐ.എസ്.ഐ മാർക്കുള്ള ബ്രാൻഡഡ് ഹെൽമറ്റ് വേണം. ഭംഗിയല്ല മാനദണ്ഡം.
1.5 കിലോ ഭാരത്തിൽ മാനദണ്ഡങ്ങളും പാലിക്കുന്ന ഹെൽമറ്റുകളേ ധരിക്കാവൂ.
തലയുടെ വലുപ്പത്തിന് ഇണങ്ങുന്നതാകണം. പോറലേൽക്കാത്ത വൈസർ ഉള്ളവ നല്ലത്
പുറംഭാഗം, ഉള്ളിലെ ഷോക് അബ്‌സോർബിങ് ഭാഗം എന്നിവയുടെ നിലവാരം ശ്രദ്ധിക്കണം
ആന്റി ക്രാഷ്, ഫോഗ് റെസിസ്റ്റ്, ഗ്ലെയർ റെസിസ്റ്റ് ഹെൽമറ്റിന് 4,000 ന് മുകളിലാണ് വില.
ധരിക്കുമ്പോൾ
ചെറിയ യാത്രയിലും ഹെൽമറ്റ് ധരിച്ചേ ഇറങ്ങാവൂ.
അലസമായി വയ്ക്കരുത്.ചിൻ സ്ട്രാപ് (ലോക്ക്) ഇടണം
അപകടത്തിൽ പെട്ട ഹെൽമറ്റ് വീണ്ടും ധരിക്കരുത്
ചട്ടിത്തൊപ്പി പോലുള്ള ഹെൽമറ്റിന് രക്ഷിക്കാനാവില്ല