കോട്ടയം: മഴ, പിന്നെ വെയിൽ. വീണ്ടും മഴ. അടിമുടി മാറിയ കാലാവസ്ഥയിൽ പകച്ച് നിൽക്കുകയാണ് അപ്പർകുട്ടനാട്ടിലെ നെൽകർഷകർ! ജൂലായിൽ കൃഷിയിറക്കിയപ്പോൾ വെയിൽ കുറവായിരുന്നു. പ്രളയ ശേഷം വെയിൽ തെളിഞ്ഞെങ്കിലും വീണ്ടും മഴ. ഇതോടെ നെല്ലുകൾക്ക് മുഞ്ഞ രോഗവും ബാധിച്ചു. കണക്ക് അനുസരിച്ച് അടുത്തമാസം കൊയ്യണമെങ്കിലും നെല്ല് വളർച്ചയെത്തിയിട്ടില്ല.
കന്നിമാസത്തിലെ മഴയാണ് കർഷകർക്ക് തിരിച്ചടിയായത്. വേലിയേറ്റത്തിൽ അപ്പർ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പൊതുജലാശങ്ങളിലെ വെള്ളം ഉറവയായി പാടശേഖരങ്ങളിൽ എത്തുന്നുണ്ട്. പമ്പിംഗ് ആരംഭിക്കാത്ത പാടശേഖരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും തുരുത്തുകളിലും താമസിക്കുന്നവർ ദുരിതത്തിലാണ്.
കീടബാധ കൂടി, മരുന്നു തളിയും
അപ്പർകുട്ടനാട്ടിലെ പകുതിയോളം പാടങ്ങളും മുഞ്ഞ ബാധിച്ചു. കീടത്തെ അകറ്റാൻ കർഷകർ ആവർത്തിച്ച് മരുന്ന് തളിക്കുകയാണ്. കീടനാശിനി പ്രയോഗം നടത്തുമ്പോൾ ചെടിയുടെ ആരോഗ്യം, കാലാവസ്ഥ, എന്നിവ കണക്കിലെടുക്കണമെന്ന് കൃഷി വകുപ്പിന്റെ നിർദേശമുണ്ട്. നൈട്രജൻ വളങ്ങളുടെ അമിതമായ ഉപയോഗം മുഞ്ഞയുടെ വർദ്ധനയ്ക്ക് കാരണമാകും. രാസവളം പ്രയോഗിക്കുമ്പോൾ നൈട്രജന്റെയും പൊട്ടാഷിന്റെയും അളവു സമതുലനമാക്കണം. മുഞ്ഞ ബാധയേറ്റാൽ ഓല കരിഞ്ഞുണങ്ങി നെല്ല് നശിക്കും.
മുഞ്ഞ ബാധിച്ച്
50%
നെൽപാടങ്ങൾ
 പാടശേഖരങ്ങളിൽ ഈർപ്പം നിന്നാൽ കൊയ്ത്തിന് ഭീഷണി
 നിലത്തിന് ഉണക്കില്ലെങ്കിൽ യന്ത്രക്കൊയ്ത്ത് ബുദ്ധിമുട്ടാകും
 കൊയ്ത്ത് നീളുന്നത് കർഷകർക്ക് അധിക ബാദ്ധ്യതയാകും
'' കൃഷി തുടക്കത്തിലേ താളം തെറ്റി. മേയ് അവസാനം മഴകുറഞ്ഞത് മൂലം കൃഷിയിറക്കാനായില്ല. കുമരകവും വെച്ചൂരുമടക്കമുള്ളയിടങ്ങളിൽ മുഞ്ഞ ബാധ രൂക്ഷമാണ്. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്ന കൃഷി രീതികൾ ആവിഷ്കരിക്കേണ്ട കാലമെത്തി''
- എം.കെ. ദിലീപ്, (അപ്പർകുട്ടനാട് കാർഷിക വികസന സമിതി)