കോട്ടയം: പാലായിൽ യു.ഡി.എഫിന് ശക്തമായ പ്രഹരമേൽപ്പിച്ച് അട്ടിമറി ജയം നേടി ഇടതു മുന്നണിയുടെ മാനം കാത്ത മാണി സി. കാപ്പൻ അഞ്ച് ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും താരമായി ഉയർന്നതോടെ എം.എൽ.എയെ ശരിക്കൊന്നു കാണാൻ പാലാക്കാർക്കു കഴിയുന്നില്ല.

ഇന്ന് അരൂരെങ്കിൽ നാളെ മഞ്ചേശ്വരം, മറ്റെന്നാൾ കോന്നി, പിറ്റേന്ന് എറണാകുളം, അടുത്ത ദിവസം വട്ടിയൂർകാവ് . ഒരു ദിവസത്തെ ഇരുപത്തിനാല് മണിക്കൂറിനും നീളം പോരാത്ത തരത്തിൽ നിയുക്ത എം.എൽ.എ കേരളത്തിന്റെ തെക്കും വടക്കും ഇടതു സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് പായുകയാണ്. കാപ്പൻ ബിസിയായതിനാൽ പാലായിൽ ഇതുവരെ സ്വീകരണ പര്യടനം തുടങ്ങാൻ കഴിഞ്ഞിട്ടുമില്ല . ഉപതിരഞ്ഞെടുപ്പ് പ്രചാരണം ക്ലൈമാക്സിൽ എത്തിച്ചിട്ട് മതി പാലായിലെ സ്വീകരണയോഗങ്ങൾ എന്നാണ് ഇടതു മുന്നണി നിർദ്ദേശം.

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിർദ്ദേശിച്ചതനുസരിച്ചാണ് അഞ്ച് ഉപതിരഞ്ഞെടുപ്പ് സ്ഥലങ്ങളിലും കാപ്പനെ ഇടതു പ്രചാരണത്തിന് ഉപയോഗിക്കാൻ തീരുമാനിച്ചത്. 54 വർഷം കെ.എം.മാണി സ്വന്തമാക്കി വച്ചിരുന്ന പാലായിൽ അട്ടിമറിജയം നേടിയ താര പരിവേഷത്തോടെ സൂപ്പർ താരങ്ങളെ ഇറക്കുന്നത് പോലെയാണ് ഉപതിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങൾക്കിടയിൽ കാപ്പനെ ഇറക്കുന്നത്.

സത്യപ്രതിജ്ഞ 8ന്

ഈ മാസം എട്ടിന് മാണി സി. കാപ്പന്റെ സത്യപ്രതിജ്ഞ നടത്തുമെന്നാണ് നിയമസഭാ സ്പീക്കറുടെ ഓഫീസ് അറിയിച്ചിട്ടുള്ളത്. സത്യപ്രതിജ്ഞ വലിയ ആഘോഷമാക്കാനാണ് എൻ.സി.പി തീരുമാനം. പാലായിലെ സ്വീകരണ പരിപാടി അതിന് ശേഷമാകും നടക്കുക .