കോട്ടയം:തിരുനക്കരയിലെ ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പിൽ മോഷണം. അഞ്ചു ലക്ഷത്തോളം രൂപ വില വരുന്ന 84 മൊബൈൽ ഫോണുകളും, 17,900 രൂപയും കവർന്നു. ഇന്നലെ രാവിലെ കട തുറക്കാനെത്തിയ ജീവനക്കാർ ഷട്ടറിന്റെ മദ്ധ്യഭാഗം അകന്ന് കിടക്കുന്നത് കണ്ട് പൊലീസിൽ അറിയിക്കുകയായിരുന്നു. മുഖം മറച്ച മോഷ്ടാവ് പുലർച്ചെ നാലരയോടെ ഷട്ടറിന്റെ മദ്ധ്യഭാഗം അകത്തി അകത്ത് കയറുന്നത് സി.സി.ടി വി കാമറ ദൃശ്യങ്ങളിലുണ്ട്. സഹായികളായ രണ്ടു പേർ പുറത്തുണ്ടായിരുന്നതായി സംശയിക്കുന്നു. അരമണിക്കൂറോളം കടയ്ക്കുള്ളിലുണ്ടായിരുന്ന മോഷ്‌ടാവ് മൊബൈൽ ഫോണുകൾ തറയിലിട്ട് കവർ പൊട്ടിച്ച് സഞ്ചിയിലാക്കുന്നതും നാലരയോടെ ഷട്ടറിന്റെ വിടവിലൂടെ തന്നെ പുറത്തിറങ്ങുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. ഷോറൂമിനു പുറത്ത് കാമറ സ്ഥാപിച്ചിരുന്നെങ്കിലും കമ്പ് ഉപയോഗിച്ച് പ്രതികൾ ഇത് അടിച്ചുടച്ചിരുന്നു.
സംഭവം അറിഞ്ഞ് ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ, ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ നിർമ്മൽ ബോസ് , ശാസ്ത്രീയ പരിശോധനാ സംഘം, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്ത് എത്തി പരിശോധന നടത്തി. കടയുടെ മുന്നിലെ കാമറ തകർക്കാൻ ഉപയോഗിച്ച വടിയിൽ നിന്നും മൊബൈൽ ഫോണുകളുടെ കവറിൽ നിന്നും പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളം ലഭിച്ചിട്ടുണ്ട്.
സ്ഥാപനത്തിന്റേത് ഗുരുതര വീഴ്‌ച
ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പിന്റെ ഷട്ടറിന്റെ മദ്ധ്യഭാഗം പൂട്ടി ബലപ്പെടുത്താതിരുന്നതാണ് മോഷ്‌ടാക്കൾക്ക് സഹായകമായത്. ഷട്ടറിനുള്ളിലെ ചില്ലു വാതിലിന് പൂട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഷട്ടർ തുറന്ന് നേരെ ഉള്ളിലേയ്‌ക്ക് പ്രവേശിക്കാനും സാധിച്ചു.