rd

ചങ്ങനാശേരി: നല്ല റോഡിലൂടെയുള്ള യാത്ര പൂവം നിവാസികൾക്ക് അന്യമായിട്ട് വർഷം പതിമൂന്നായി. അധികൃതരും കൈയൊഴിഞ്ഞതോടെ കാൽനട പോലും ദുഷ്കരമായ പൊട്ടിതകർന്നുകിടക്കുന്ന പെരുമ്പുഴക്കടവ് പൂവം അപ്രോച്ച് റോഡിലൂടെ യാത്ര ചെയ്യേണ്ട ഗതികേടിലാണ് ഒരു നാടു മുഴുവൻ. ഗതാഗതയോഗ്യമായ റോഡെന്ന ഇവരുടെ സ്വപ്നത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒരിക്കൽപോലും ഉപയോഗിക്കാനാകാതെ കിടക്കുന്ന പാലത്തിന് സമാന്തരമായി നിർമിച്ച ഈ റോഡിൽ ഏതാനും വർഷങ്ങൾമുൻപ് ഇന്റർലോക്ക് കട്ട് പാകിയിരുന്നത് പൂർണ്ണമായും തകർന്നു. സഞ്ചാരയോഗ്യമല്ലെങ്കിലും മറ്റ് മാർഗമില്ലാത്തതിനാൽ ഈ റോഡിനെ ആശ്രയിച്ചാണ് പൂവത്തേയ്ക്കുള്ള ഗതാഗതം ഇപ്പോഴും നടക്കുന്നത്. ചങ്ങനാശേരി നഗരത്തിലെത്താൻ ഏക ആശ്രയം അപ്രോച്ച് റോഡ് വഴിയെത്തുന്ന പൂവം പള്ളി-ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി. ബസാണ്. പകർച്ചവ്യാധികൾ പടർന്നുകയറുന്ന സമയത്തും പള്ളിവകയായ ചെറിയ ക്ലിനിക്കാണ് പ്രദേശത്തുകാരുടെ ആശ്രയം. അസുഖം കലശലായാൽ മോശമായ വഴിയിലോടാൻ ഓട്ടോറിക്ഷ ഡ്രൈവർമാരും മടി കാണിക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു. റോഡ് തകർന്നു കിടക്കുന്നതിനാൽ സ്‌കൂൾ ബസുകൾ പൂവം പ്രദേശത്തേക്കു വരില്ല. പ്രളയകാലത്ത് പൂർണമായി മുങ്ങിപ്പോയപ്രദേശമാണെങ്കിലും, വേണ്ടത്ര പരിഗണന ജനപ്രതിനിധികളോ സർക്കാരോ ഇവിടേക്ക് നൽകിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. അപ്രോച്ച് റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്നും ഈ ദുരിതത്തിന് അന്ത്യം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

 കാൽനട, നടക്കില്ല,​ അപകടങ്ങൾക്ക് കുറവുമില്ല

പൂവം സർക്കാർ യുപി സ്‌കൂളിലെ കുട്ടികൾ ജീവൻപണയംവച്ചാണ് ഇതുവഴി യാത്രചെയ്യുന്നത്. ഒരു വാഹനത്തിന് മാത്രം കടന്നുപോകാനാകുന്ന പൊട്ടിപ്പൊളിഞ്ഞ വഴിയിലൂടെയുളള കുട്ടികളുടെ യാത്ര അപകടം നിറഞ്ഞതാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനാൽ ട്രാൻ ബസ് സർവീസുകളും വെട്ടിക്കുറച്ചു. നഗരത്തിലെയും മറ്റിടങ്ങളിലെയും സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കുട്ടികളാണ് ഇവിടെയുള്ളത്.