മാങ്കുളം: പ്രളയം രണ്ട് വട്ടം കടന്ന് വന്നപ്പോൾ തകർന്നത് മാങ്കുളത്തെ ഒരു പ്രദേശത്തേക്കുള്ള വാഹന ഗതാഗതം കൂടിയാണ്. സംഹാരതാണ്ഡവമാടിയ പ്രളയം വരുത്തിവച്ച വിനകളുടെ നേർക്കാഴ്ച്ചകൾ പലതും ഹൈറേഞ്ച് മേഖലകളിൽ ഇപ്പോഴുമുള്ളതിൽഈ റോഡും ഉൾപ്പെടും. മാങ്കുളം പഞ്ചായത്തിലെ ആറാംമൈൽ പെരുമ്പൻകുത്ത് റോഡാണ് തകർച്ചയെ നേരിട്ട് പുനർനിർമ്മാണ ജോലികൾ ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്നത്
.2018ലെ പ്രളയത്തിലായിരുന്നു പെരുമൻകുത്ത് ആറാംമൈൽ റോഡിന്റെ ഒരു ഭാഗം ആദ്യമായി തകർന്നത്.തകർന്ന ഭാഗത്ത് താൽക്കാലിക പാതയൊരുക്കി വാഹനഗതാഗതം നടന്നു വരികെ കഴിഞ്ഞ കാലവർഷത്തിൽ നല്ലതണ്ണിയാർ കരകവിഞ്ഞ് രണ്ടിടങ്ങളിൽ വീണ്ടും പാതയൊലിച്ചു പോയി.നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ തകർന്ന ഭാഗത്ത് താൽക്കാലിക പാതയൊരുക്കി ചെറുവാഹനങ്ങൾക്ക് കടന്നു പോകാനുള്ള സൗകര്യമൊരുക്കി.മഴക്കാലമവസാനിച്ച സാഹചര്യത്തിൽ തകർന്നപാതയുടെ പുനർനിർമ്മാണത്തിന് ബന്ധപ്പെട്ട വകുപ്പുകൾ വേഗത കൈവരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ചെറുവാഹനങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും സ്വകാര്യ ബസുകളും സ്‌കൂൾ ബസുകളും ആറാംമൈൽ അമ്പതാംമൈൽ മേഖലകളിലേക്കെത്തുന്നില്ല.പഞ്ചായത്തിലെ ചിക്കണംകുടിയും കള്ളക്കൂട്ടി കുടിയും അടക്കം നിരവധി ഗോത്രമേഖലകൾ സ്ഥിതി ചെയ്യുന്നതിവിടെയാണ്.ഇവർക്കൊക്കെ യാത്രാപ്രശ്നം ഒരു പ്രതിസന്ധിയായി.
പ്രളയത്തിൽ തകർന്ന റോഡുകൾ പുനർ നിർമ്മിക്കുന്നതിലുള്ള മുൻഗണന ഇവിടെ പാലിക്കപ്പെടുന്നില്ല
ഇടിഞ്ഞ് പോയ ഭാഗത്ത് സംരക്ഷണ ഭിത്തി തീർത്ത് പാതയുടെ ബലക്ഷമത ഉറപ്പു വരുത്തിയാൽ മാത്രമേ ഇവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാകുകയുള്ളു.
പാതയുടെ അവസ്ഥ സംബന്ധിച്ച് ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്, തുടർ നടപടികൾ നടന്നു വരികയാണ്
ഷാജി മാത്യു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ചിത്രം: സംരക്ഷണ ഭിത്തി നിർമ്മിച്ച് പാത ബലപ്പെടുത്തേണ്ടുന്ന ഭാഗം.