കോട്ടയം: തട്ടിക്കൂട്ട് സർവീസ് നടത്തിയിരുന്ന അഞ്ച് സ്വകാര്യ ബസുകൾ പിടിയിൽ. കോട്ടയം-ഏറ്റുമാനൂർ റൂട്ടിലെ മരേട്ട്, ആലഞ്ചേരി, പുല്ലത്തിൽ, എം.ആൻഡ് എം, പഴേപള്ളിൽ എന്നീ ബസുകളാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ പിടിയിലായത്.
ഇന്നലെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. യാത്രക്കാർക്ക് അപകടവും പരിക്കും ഉണ്ടാക്കുന്ന തരത്തിൽ വാതിൽ, ചവിട്ടുപടി, ഉൾവശം എന്നിവ തുരുമ്പിച്ച നിലയിൽ കണ്ടതോടെയാണ് ബസുകൾ പിടികൂടിയത്. തകരാറുകൾ ഏഴു ദിവസത്തിനകം പരിഹരിച്ച് വാഹനം പരിശോധനക്ക് ഹാജരാക്കണമെന്നും അല്ലാത്തപക്ഷം ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കുമെന്നും ആർ.ടി.ഒ പറഞ്ഞു. ഫിറ്റ്‌നസ് ടെസ്റ്റ് ഒരുവർഷം എന്നത് കേന്ദ്ര ഉത്തരവ് വഴി രണ്ടുവർഷമാക്കിയിരുന്നു. ഇതേത്തുടർന്ന് എല്ലാവർഷവും അറ്റകുറ്റപ്പണി നടത്തിയിരുന്ന വാഹനങ്ങൾ ഒരു വർഷത്തോളം മോശമായ സ്ഥിതിയിലാണ് ഓടുന്നത്. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കും. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ എം.എസ്. രാജേഷ്, ഒ.എസ്. അജയകുമാർ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.