പാലാ : കെ.എസ്.ആർ.ടി സി. പാലാ ഡിപ്പോയിൽ ഡ്രൈവർമാരുടെ കുറവുമൂലം 10 ഷെഡ്യൂളുകൾ മുടങ്ങി. എംപാനൽ ഡ്രൈവർമാരെ മാറ്റി നിറുത്താനുള്ള കോടതിവിധി നടപ്പിലാക്കിയതാണ് സർവീസുകളെ ബാധിക്കുന്നത്. മൂന്ന് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ഉൾപ്പെടെ 10 ഷെഡ്യൂളുകൾ ഇന്നലെ മാത്രം നിറുത്തിവെച്ചു. കോട്ടയം, മുണ്ടക്കയം, തൃശൂർ റൂട്ടുകളിലേക്കുള്ള സർവീസുകളാണ് നിറുത്തിവെച്ചത്.
സ്ഥിരം യാത്രക്കാരായ നിരവധി സർക്കാർ ജീവനക്കാരും സ്വകാര്യമേഖലയിലെ മറ്റ് ജീവനക്കാരും എൽ.എസ്. ഓർഡിനറിയെ ആണ് ആശ്രയിക്കുന്നത്. ബസുകളുടെ സമയക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതെ സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. കോട്ടയം റൂട്ടിൽ 15 മിനിട്ട് ഇടവേളകളിലാണ് നിലവിൽ ബസ് ഓടുന്നത്. ഇതിൽ 20 മിനിട്ടത്തെ മാറ്റം വരുത്തിയതോടെ രണ്ട് സർവീസുകളുടെ സമയം ക്രമീകരിക്കാനായിട്ടുണ്ട്. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകൾ നിലച്ചാൽ യാത്രാക്ലേശം രൂക്ഷമായേക്കും.