കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബി സരസ്വതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നാളെ ക്ഷേത്രത്തിൽ പൂജവയ്‌പ്പ് നടക്കും. വൈകിട്ട് ആറരയ്‌ക്ക് ഗ്രന്ഥമെഴുന്നെള്ളിപ്പ് നടക്കും. വിശിഷ്‌ട ഗ്രന്ഥങ്ങളും പാഠപുസ്‌തകങ്ങളും വഹിച്ചു കൊണ്ട് കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രത്തിൽ നിന്നും ചോഴിയക്കാട് ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ നിന്നും സ്വാമി വിവേകാനന്ദ പബ്ലിക്ക് സ്‌കൂളിൽ നിന്നും ഘോഷയാത്രകൾ ആരംഭിക്കും. ഈ ഘോഷയാത്രകൾ വൈകിട്ട് അഞ്ചരയ്‌ക്ക് പരുത്തുംപാറ കവലയിൽ എത്തിച്ചേരും. തുടർന്ന് പനച്ചിക്കാട് സരസ്വതി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബാലികമാരും, ബാലന്മാരും അമ്മമാരും ചേർന്ന് താലപ്പൊലിയുമായി ഘോഷയാത്രയെ സ്വീകരിക്കും. തുടർന്ന് ആറരയോടെ ക്ഷേത്രത്തിൽ എത്തിച്ചേരും. ഇതിനു ശേഷം പൂജവയ്‌പ്പ് നടക്കും.

ദക്ഷിണ മൂകാംബിയിലെ സംഗീത നൃത്തോത്സവത്തിന്റെ ഭാഗമായി അസി.കളക്‌ടർ ശിഖ സുരേന്ദ്രൻ കച്ചേരി അവതരിപ്പിച്ചു. വൈകിട്ട് ആറര മുതൽ ഏഴു വരെ സരസ്വതി മണ്ഡപത്തിനു സമീപത്തെ കലാവേദിയിലായിരുന്നു അസി.കളക്‌ടർ സംഗീത സദസ് അവതരിപ്പിച്ചത്. മറിയപ്പള്ളി സനൽ പത്മനാഭൻ വയലിനും, നാട്ടകം കേരള വർമ്മ മൃദംഗവും, തുരുത്തി രാജീവ് കൃഷ്‌ണൻ ‌ ഘടവും അരുൺ കൃഷ്‌ണൻ നെടുങ്കുന്നം മുഖർശംഖിലും പക്കമേളമൊരുക്കി. തുടർന്ന് അശ്വന്ത് നാരായണൻ ചെന്നെ സംഗീത സദസ് അവരിപ്പിച്ചു.

പനച്ചിക്കാട് ഇന്ന്

പള്ളിയുണർത്തൽ - പുലർച്ചെ 4.30 ന്

നടതുറക്കൽ - പുലർച്ചെ 5.00 ന്

പുഷ്‌പാഭിഷേകം - വൈകിട്ട് -6.00 ന്

ദേശീയ സംഗീത നൃത്തോത്സവം

കുച്ചുപ്പുടി - ഗീതാപത്മകുമാർ പെരുമ്പാവൂർ - വൈകിട്ട് 7.00 ന്