prk-257-19-2-

വൈക്കം: വിദ്യാർത്ഥികളിൽ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്‌കാരം രൂപപ്പെടുത്തുന്നതിനും മാലിന്യം തരംതിരിച്ച് സംസ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനുമായി സർക്കാർ ആവിഷ്‌കരിച്ച കളക്ടേഴ്‌സ് @ സ്‌കൂൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വൈക്കത്ത് കളക്ടർ പി. കെ. സുധീർ ബാബു നിർവഹിച്ചു.
ജില്ലയിൽ മൂന്ന് സ്‌കൂളുകളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. ആശ്രമം സ്‌കൂളിലാണ് പരിപാടിയുടെ തുടക്കം. ശുചിത്വമിഷന്റെ ഫണ്ടുപയോഗിച്ച് സ്ഥാപിച്ച ബിന്നുകളിലേക്ക് വിദ്യാർത്ഥികൾ വഴി നാല് തരം മാലിന്യങ്ങൾ സംഭരിക്കും. പെറ്റ് ബോട്ടിൽ, ഹാർഡ് ബോട്ടിൽസ്, പാൽ കവർ, പേപ്പർ എന്നിവയാണ് സമാഹരിക്കുന്നത്. എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ബുധനാഴ്ചകളിൽ ബിന്നുകളിൽ നിന്നും മാലിന്യങ്ങൾ ഹരിതകർമ്മസേനയ്‌ക്കോ, പാഴ് വസ്തു വ്യാപാരികൾക്കോ കൈമാറും. ശുചിത്വ മിഷൻ, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്‌കൂൾ തലത്തിലെ സന്നദ്ധ സംഘടനകൾ, ഹരിതകർമ്മസേന എന്നിവരുടെ പങ്കാളിത്തത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭാ ചെയർമാൻ പി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ ഫിലിപ്പ് ജോസഫ്, നഗരസഭാ വൈസ് ചെയർപേഴ്‌സൺ എസ്. ഇന്ദിരാദേവി, സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ബിജു വി കണ്ണേഴത്ത്, ആർ. സന്തോഷ്, പ്രിൻസിപ്പാൾമാരായ കെ. വി. പ്രദീപ് കുമാർ, ഷാജി ടി. കുരുവിള, പ്രഥമാദ്ധ്യാപിക പി. ആർ. ബിജി എന്നിവർ പങ്കെടുത്തു.