കോട്ടയം: ആർദ്രം പദ്ധതിയിൽ 220 കോടി രൂപ ചെലവഴിച്ച് പത്തു നിലകെട്ടിടം !. കോട്ടയം ജില്ലാ ജനറൽ ആശുപത്രിയെ മൾട്ടി സ്പെഷ്യാലിറ്റി നിലവാരത്തിൽ ഉയർത്തുന്ന സംവിധാനത്തോടെയുള്ള കെട്ടിടം എവിടെയെന്ന് ചോദിച്ചാൽ ആർക്കും മറുപടിയില്ല.
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് 415 കോടി ചെലവഴിച്ച് ജില്ലാ ജനറൽ ആശുപത്രിക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുന്നു. ഇടതു മുന്നണി ഭരണമായപ്പോൾ അതുപേക്ഷിച്ച് ആർദ്രം പദ്ധതിയിൽ 220 കോടി ചെലവഴിച്ച് പത്തുനില കെട്ടിടം പണിയാനായി തീരുമാനം. കിഫ്ബിയിൽ പെടുത്തിയ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഇങ്കലിനെ ചുമതലപ്പെടുത്തി. ഇങ്കലിലെ ചീഫ് എൻജിനീയർ വന്ന് പത്തു നില മന്ദിരത്തിന്റെ സവിശേഷത വിശദീകരിച്ച് ക്ലാസ് എടുത്തു.വൈറോളജി ലാബ് അടക്കം മറ്റൊരു ജനറൽ ആശുപത്രിയിലും ഇല്ലാത്ത സംവിധാനങ്ങളും സൗകര്യങ്ങളും കേട്ടവരുടെ കണ്ണ് തള്ളി .
ഇപ്പോഴത്തെ അവസ്ഥ ചോദിച്ചാൽ നോഡൽ ഓഫീസറായ ആർ.എം.ഒ കൈ മലർത്തും. കഴിഞ്ഞ ദിവസം എം.എൽ.എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മറ്റും പങ്കെടുത്ത യോഗത്തിൽ വിശദീകരണം ഉയർന്നപ്പോൾ പനി കാരണം മറുപടി പറയാൻ ആർ.എം.ഒയും ഉണ്ടായില്ല . കിഫ്ബി, ഇങ്കൽ തുടങ്ങി വാക്കുകൾക്കപ്പുറം ആശുപത്രി സൂപ്രണ്ടിനും മറ്റൊന്നും അറിയില്ല . പദ്ധതിക്ക് ഭരണാനുമതിയോ സാങ്കേതികാനുമതിയോ കിട്ടിയോ എന്ന ചോദ്യത്തിനും ഉത്തരമില്ല.
കോട്ടയം ജനറൽ ആശുപത്രിയിൽ ഒരു വർഷം ഏഴു ലക്ഷം രോഗികൾ എത്തുന്നുണ്ട് . 370 കിടക്കകളേ ഉള്ളൂ. ആർദ്രം പദ്ധതിയിൽ പത്തു നില കെട്ടിടം അങ്ങനെ വന്നതാണ്. വാഗ്ദാനം പാലിക്കാൻ സർക്കാർ തയ്യാറാകണം. പദ്ധതി ഉപേക്ഷിച്ചോ അതോ നിലവിലുണ്ടോ എന്നെങ്കിലും അറിഞ്ഞാൽ കൊള്ളാമായിരുന്നു.
പി.കെ.ആനന്ദക്കുട്ടൻ
ആശുപത്രി വികസന സമിതിഅംഗം
ഇടതു സർക്കാരിന്റെ വികസന വിരോധമാണ് ഭരണാനുമതി പോലും കിട്ടാത്തതിനു പിന്നിൽ. വലിയ വായിലുള്ള വർത്തമാനം മാത്രം നടക്കുന്നുണ്ട്. ജനറൽ ആശുപത്രിക്ക് പത്തേക്കർ സ്ഥലമുണ്ട് . വേണ്ടവിധം വിനിയോഗിച്ചാൽ മെഡിക്കൽ കോളേജിനോട് കിടപിടിക്കുന്ന സൗകര്യങ്ങൾ ഏർപ്പെടുത്താം. ബന്ധപ്പെട്ടവർക്ക് താത്പര്യമില്ലെങ്കിൽ കൂടുതൽ പറയണോ ?
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ