വൈക്കം : മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ പുള്ളി സന്ധ്യ വേല ആരംഭിച്ചു. 6, 8, 10 തുടങ്ങിയ ദിവസങ്ങളിലാണ് പുള്ളി സന്ധ്യ വേല നടക്കുക. ആനപ്പുറത്ത് ശ്രീബലി, മണ്ഡപത്തിൽ വാരമിരിക്കൽ, അഭഷേകങ്ങൾ, പ്രാതൽ വിളക്ക് എന്നിവയാണ് സന്ധ്യവേലയുടെ പ്രധാന ചടങ്ങുകൾ. തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മ ചേർത്തല, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങൾ യുദ്ധം ചെയ്ത് കീഴടക്കിയപ്പോൾ ആ യുദ്ധത്തിൽ മരണമടഞ്ഞ അവകാശികളില്ലാത്ത സൈനികരുടെ കുടിശിക ശമ്പളത്തിന്റെ പലിശ കൊണ്ട് നടത്തിയിരുന്ന സന്ധ്യ വേലയാണ് പുള്ളി സന്ധ്യ വേല. ഇപ്പോൾ ദേവസ്വത്തിന്റെ അടിയന്തരമായി നടന്നു വരുന്നു. മുഖസന്ധ്യ വേല, സമൂഹ സന്ധ്യ വേല എന്നിവയും അഷ്ടമി കൊടയേറ്റിന് മുൻപായി നടക്കും നവംബർ 9 നാണ് കൊടിയേറ്റ്. വൈക്കത്തഷ്ടമി നവംബർ 20 ന് ആഘോഷിക്കും. 21 ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.