പാലാ : ടൗൺ ബസ് സ്റ്റാൻഡ് കവാടത്തിലെ അപകടക്കിടങ്ങ് അധികാരികൾ കാണുന്നില്ലേ. വാഹനങ്ങളോ യാത്രക്കാരോ കുഴിയിൽ വീണ് അപകടമുണ്ടായാലേ ഇവിടേക്ക് തിരിഞ്ഞു നോക്കുകയുള്ളോ? സ്റ്റാൻഡിലെ പ്രധാന കവാടത്തിൽ ഓടയ്ക്ക് മുകളിലുണ്ടായിരുന്ന ഗ്രിൽ സ്ലാബിന്റെ കമ്പിയാണ് ഒടിഞ്ഞ് അപകടഭീഷണി ഉയർത്തുന്നത്. രണ്ട് കമ്പികൾ ഒടിഞ്ഞു, രണ്ട് കമ്പികൾ വളഞ്ഞു.
ഇന്നലെ ഒരു ഓട്ടോറിക്ഷ കിടങ്ങിൽ വീണെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതോടെ യാത്രക്കാരും ഓട്ടോഡ്രൈവർമാരും വ്യാപാരികളും ചേർന്ന് ചുവന്ന കൊടി നാട്ടി അപകടസൂചന നൽകിയിരിക്കുകയാണ്. ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയുടെ ഭാഗമായ റോഡ് വക്കിലെ സ്ലാബാണിത്. നൂറു കണക്കിനു സ്വകാര്യ ബസുകളും നിരവധി ചെറുവാഹനങ്ങളും പ്രധാന കവാടം വഴി നിത്യേന സ്റ്റാൻഡിലൂടെ സഞ്ചരിക്കുന്നുണ്ട്. ഇരുചക്രവാഹനയാത്രക്കാർക്കാണ് അപകട ഭീതിയേറെ. സ്റ്റാൻഡിലേക്കുള്ള കാൽനട യാത്രക്കാർക്കും വില്ലനാണ് ഈ അപകടക്കുഴി. സ്ലാബ് തകർന്ന് റോഡ് അപകടനിലയിലായ വിവരം പൊതുമരാമത്ത് അധികൃതരെയും, നഗരഭരണാധികാരിളേയും അറിയിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് പാലാ പൗരസമിതി പ്രസിഡന്റ് പി.പോത്തൻ കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് പൗരസമിതി പരാതിയും അയച്ചിട്ടുണ്ട്.


ബസ് സ്റ്റാൻഡ് കവാടത്തിലെ കുഴി എത്രയും വേഗം മൂടി അപകടം ഒഴിവാക്കണം. ഇക്കാര്യം മുനിസിപ്പൽ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
അജി ജോർജ്, കൈലാസ് ഗോപാലൻ
(ടൗൺ ബസ് സ്റ്റാൻഡിലെ വ്യാപാരികൾ)

കുഴി സ്റ്റാൻഡിലെ പ്രധാനകവാടത്തിൽ

ഇന്നലെ ഓട്ടോറിക്ഷ കുഴിയിൽ വീണു

കാൽനടയാത്രക്കാർക്കും അപകടക്കെണി

ചുവന്ന കൊടി നാട്ടി നാട്ടുകാർ