vala

വൈക്കം: മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാനായി വീട്ടുവളപ്പിലും സമീപത്തുമുള്ള കുളങ്ങളിൽ മത്സ്യം വളർത്തുന്നവർക്ക് കൃഷി സംരക്ഷണത്തിനായി വല വിതരണം ചെയ്തു.എം.എസ്.സ്വാമിനാഥൻ റിസേർച്ച്ഫൗണ്ടേഷനും എച്ച് ഡി എഫ് സി ബാങ്കും സംയുക്തമായി സാമൂഹിക പ്രതിബദ്ധതാ ഫണ്ടുപയോഗിച്ചാണ് വൈക്കം വില്ലേജിലെ 25 കർഷകർക്ക് വലകൾ നൽകിയത്. വലകളുടെ വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ പി.ശശിധരൻ നിർവ്വഹിച്ചു. തലയാഴം, വെച്ചൂർ, വടയാർ, വൈക്കം, കല്ലറ വില്ലേജു കളിലായി തെരഞ്ഞെടുത്ത170 മൽസ്യകർഷകർക്ക് വലകൾ നൽകി. വീട്ടമ്മമാരുടെ വരുമാന വർദ്ധനവിനായി താറാവ്, തയ്യൽ മെഷിൻ എന്നിവയും തെരഞ്ഞെടുത്ത വില്ലേജുകളിലെ അർഹരായ നിദ്ധധന കുടുംബങ്ങൾക്ക് സ്വാമിനാഥൻ ഫൗണ്ടേഷൻ നൽകിയിരുന്നു. വൈക്കം നഗരസഭ 14ാം വാർഡിൽ നടന്ന യോഗത്തിൽ വാർഡ് കൗൺസിലർ സുമ കുസുമൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ ആർ.സന്തോഷ്, സ്വാമിനാഥൻ റിസർച്ച്ഫൗണ്ടേഷൻ ഡവലപ്പ്‌മെന്റ് അസിസ്റ്റന്റ് എം.എസ്. ജീമോൾ, വൈക്കം നഗരസഭജനകീയ മൽസ്യകൃഷി പ്രമോട്ടർ മിൻസി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.