പാലാ: ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പാലായിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌സ് മീറ്റിൽ അഭീലിന് വിനയായത് കായികാദ്ധ്യാപകരുടെ ചട്ടപ്പടിസമരം. അത്‌ലറ്റിക്‌സ് അസോസിയേഷന് നിരവധി ഒഫീഷ്യൽസ് ഉണ്ടായിരുന്നിട്ടും സമരത്തിൽ പങ്കെടുക്കുന്ന പലരും പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിലേക്ക് തിരിഞ്ഞുനോക്കിയില്ല. ഇതുമൂലം വിദ്യാർത്ഥികളെത്തന്നെ പോയിന്റ് എഴുതാനും ദൂരം അളക്കാനുമൊക്കെ നിയോഗിക്കേണ്ട ഗതികേടിലായി സംഘാടകർ. ഇതിനിടെയാണ് എറിഞ്ഞ ജാവലിൻ എടുക്കാൻ പോയ അഭീലിന്റെ തലയിലേക്ക് ഹാമർ പാഞ്ഞെത്തിയത്. ജാവലിൻത്രോയും ഹാമർത്രോ മത്സരങ്ങളും അടുത്തടുത്ത് നടത്താൻ പാടില്ലെന്നാണ് കായികവകുപ്പിന്റെ ചട്ടം. മാത്രമല്ല ഈ രണ്ട് മത്സരങ്ങളും ഒരേസമയം നടത്തുകയാണെങ്കിൽ കൃത്യമായ അകലം പാലിച്ചിരിക്കണമെന്ന കർശന നിർദേശവുമുണ്ട്. 1999ൽ നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിലും 2003ൽ കോഴിക്കോട് റവന്യൂജില്ലാ കായികമേളയിലും സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതേത്തുടർന്ന് കായിക വിദ്യാഭ്യാസവകുപ്പ് ഇക്കാര്യത്തിൽ കർശന നിർദ്ദേശവും നൽകിയിരുന്നതാണ്. എന്നാൽ ഇവയെല്ലാം കാറ്റിൽപറത്തിയാണ് പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ജാവലിൻത്രോ, ഹാമർത്രോ നടത്തിയതെന്നാണ് കായികതാരങ്ങളും ഏതാനും അധ്യാപകരും ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കായിക നിബന്ധനകൾക്ക് വിധേയമല്ലാതെയും ആവശ്യത്തിന് സുരക്ഷയൊരുക്കാതെയും സംസ്ഥാന മത്സരങ്ങൾപോലും തട്ടിക്കൂട്ടുതരത്തിൽ നടത്തുന്നത് തടയണമെന്നും കായികലോകം ആവശ്യപ്പെടുന്നു. അഭീൽ ജോൺസണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ആശുപത്രിയിൽനിന്നുള്ള അറിയിപ്പിനെത്തുടർന്ന് പാലാ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന കായികതാരങ്ങളിൽനിന്നും മറ്റു ദൃക്‌സാക്ഷികളിൽനിന്നും ഇന്ന് തെളിവ് ശേഖരിക്കുമെന്ന് പൊലീസ് പറഞ്ഞു. ഒരു അദ്ധ്യാപകന്റെ നിർദേശത്തെത്തുടർന്നാണ് ഒരു സ്‌കൂളിലെ കുട്ടികളിൽ മിക്കവരും വോളണ്ടിയർമാരായി മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ വന്നതെന്നും ആരോപണമുണ്ട്. ഈ കുട്ടികൾക്കാകട്ടെ കായികമത്സരവേദിയിലുള്ള തയാറെടുപ്പുകളെക്കുറിച്ചൊന്നും ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. പ്രധാന ത്രോ മത്സരങ്ങൾ നടക്കുമ്പോഴും സ്‌റ്റേഡിയത്തിനുള്ളിൽ തലങ്ങും വിലങ്ങും നടക്കുന്ന വോളണ്ടിയർമാരെ കാണാമായിരുന്നു.
വോളണ്ടിയറായ ഒരു കുട്ടിക്ക് ജീവൻ അപകടത്തിലാകുംവിധം പരുക്കേറ്റിട്ടും മത്സരങ്ങൾ പതിവുപോലെ തുടർന്ന സംഘാടകരുടെ നടപടിയിൽ പരക്കെ പ്രതിഷേധമുയർന്നിട്ടുണ്ട്. മത്സരങ്ങൾ നിർത്തിവയ്ക്കാൻ സംഘാടകർ തയാറാകണമെന്ന് വിവിധ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
സംഘാടകർക്ക് ഗുരുതര വീഴ്ച:
മാണി സി. കാപ്പൻ
പാലാ: കായികമേളയ്ക്കിടെ ഒരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ സംഘാടകർക്ക് ഗുരുതര വീഴ്ച പറ്റിയതായി നിയുക്ത എം.എൽ.എ. മാണി സി. കാപ്പൻ പറഞ്ഞു. മത്സരം നിർത്തിവയ്ക്കാൻ സംഘാടകർ തയാറാകണം. ആ കുട്ടിയുടെ ജീവൻ അപകടത്തിലായിരിക്കെ അനുകമ്പ കാണിക്കാൻ സംഘാടകർ തയാറാകേണ്ടതായിരുന്നു. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയശേഷം മാത്രമേ അത്‌ലറ്റിക്മീറ്റ് തുടർന്ന് നടത്താവൂ എന്നും അദ്ദേഹം പറഞ്ഞു.