കോട്ടയം : യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തി കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ സമ്പൂർണ അന്ധകാരത്തിലേക്ക്. പുറത്തേക്ക് പ്രകാശം പരത്തുന്ന ലൈറ്റുകളെല്ലാം മിഴിയടച്ചു. കുണ്ടും കുഴിയും കാരണം പകൽസമയത്ത് പോലും സുരക്ഷിതമല്ലാത്ത ബസ് സ്റ്റേഷനിൽ രാത്രിയിൽ യാത്രക്കാരുടെ ദുരിതം ഇരട്ടിയാണ്.

ഇരുട്ടിന്റെ മറവിൽ മയക്കുമരുന്ന് വാണിഭക്കാരും പോക്കറ്റടിക്കാരും ലൈംഗികതൊഴിലാളികളുമടങ്ങുന്ന സംഘം ബസ് സ്റ്റേഷൻ കൈയടക്കിയിരിക്കുകയാണ്.

പകൽ സമയത്തു പോലും സ്ത്രീകൾ വിശ്രമിക്കുന്ന ഭാഗത്തുകൂടി ഉടുമുണ്ടും തെറുത്തുകയറ്റി അശ്ലീലചുവയുള്ള സംഭാഷണങ്ങളുമായി മദ്യപാനികൾ അഴിഞ്ഞാടുകയാണ്. പൊലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും യാത്രക്കാർക്ക് പ്രയോജനമില്ല. സ്റ്റാൻഡിൽ സ്ഥിരമായി ജോലി ചെയ്യുന്ന ചില പൊലീസുകാരെ പേരെടുത്ത് വിളിക്കുന്നവരാണ് സാമൂഹ്യവിരുദ്ധരിൽ ഏറെയും. ദേഹത്ത് തട്ടിയാലും മുട്ടിയാലും കടന്നാക്രമിച്ചാലും കണ്ടില്ലെന്ന് നടിച്ചാൽ തടികേടാവാതെ രക്ഷപ്പെടാമെന്നതാണ് സ്ഥിതി.

രോഗങ്ങളുടെ സങ്കേതമായി ശൗചാലയം

പൊതുജനങ്ങൾക്കായുള്ള ശൗചാലയം മാരകരോഗങ്ങളുടെ സങ്കേതമാണ്. നൂറുകണക്കിന് യാത്രക്കാർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്ന ശൗചാലയത്തിലെ മലിനജലം പുറത്തേക്കാണ് ഒഴുക്കുന്നത്. പകൽ സമയങ്ങളിൽ പോലും ഇവിടെ സാമൂഹ്യവിരുദ്ധർ തമ്പടിക്കുകയാണ്. രാത്രിയാകുന്നതോടെ ഭീതിയോടെയാണ് പലരും ശൗചാലയത്തിലേക്ക് കടന്നു ചെല്ലുന്നത്. ഇവിടെയൊന്നും പൊലീസിന്റെ കണ്ണ് എത്താറില്ല, അഥവ എത്തിയാൽ തന്നെ നടപടി എടുക്കാറുമില്ല. വിശ്രമസങ്കേതവും ശൗചാലയവും നിർമ്മിക്കുന്നതിന് എം.എൽ.എ ഫണ്ട് അനുവദിച്ചിട്ടും കെ.എസ്.ആർ.ടി.സി അധികൃതർ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് : 5 വർഷം

എം.എൽ.എ വാഗ്ദാനം ചെയ്ത തുക : 50 ലക്ഷം

എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങൾ

സോഡിയം വേപ്പർ ലാമ്പുകൾ തകരാറിൽ, ഹൈമാസ്റ്റ് ലൈറ്റുമില്ല

കാത്തിരിപ്പുകേന്ദ്രവും സ്റ്റേഷൻ മാസ്റ്റർ ഓഫീസും അപകടാവസ്ഥയിൽ

സ്ത്രീകളുടെ വിശ്രമകേന്ദ്രത്തിൽ സാമൂഹ്യവിരുദ്ധരുടെ കടന്നുകയറ്റം

ജീവനക്കാരുടെ വിശ്രമമുറിയിൽ ശൗചാലയമില്ല

വനിതാ ജീവനക്കാർക്ക് വിശ്രമമുറിയില്ല

ദീർഘദൂര ബസുകൾ നിറുത്തുന്നതിൽ കൃത്യതയില്ല

''

ബസ് സ്റ്റേഷനിൽ കാത്തിരിപ്പുകേന്ദ്രവും യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് ആസ്ഥിവികസന ഫണ്ടിൽ നിന്ന് 50 ലക്ഷംരൂപ നൽകാൻ തയ്യാറായിട്ടും കെ.എസ്.ആർ.ടി.സി അധികൃതർക്ക് താത്പര്യമില്ല. പദ്ധതി റിപ്പോർട്ട് പോലും സമർപ്പിച്ചിട്ടില്ല. അപകടാവസ്ഥയിലുള്ള പഴയകെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കാനായിരുന്നു നിർദ്ദേശം

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ