അടിമാലി: നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ ഒന്നരക്കിലോ കഞ്ചാവുമായി രണ്ടു പേരെ പിടികൂടി...
ബൈസൺവാലി റ്റീ കമ്പനി വെള്ളിലാം തടത്തിൽ മണി (52), അമ്പലശ്ശേരി ബൊക്കമായൻ എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ ചെമ്പട്ടിയിൽ നിന്നും വാങ്ങിയ കഞ്ചാവ് വിൽപ്പന നടത്തുന്നതിനായി വെള്ളിയാഴ്ച രാത്രി കുഞ്ചിത്തണ്ണി ബൈസൺവാലി റോഡിൽ കാത്തു നിൽക്കുമ്പോഴാണ് ഇവർ രണ്ടു പേരും വലയിലായത്.. റ്റീ കമ്പനി ഭാഗത്ത് കഞ്ചാവ് സൂക്ഷിച്ചു വിൽപ്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. കിലോയ്ക്ക് 8000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 25000 രൂപയ്ക്കാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. ഒരു മാസത്തിലധികമായി ഇവർ നാർകോട്ടിക് സ്‌ക്വാഡിലെ ഷാഡോ സംഘത്തിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.മണിയുടെ പേരിൽ കള്ളത്തോക്ക് നിർമ്മാണത്തിന്റെ പേരിൽ മുൻപ് കേസുകളുള്ളതാണ്. രണ്ടാം പ്രതിയായ ബൊക്കമായന്റെ പേരിൽ കഞ്ചാവു കേസുകളും നിലവിലുണ്ട്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ എസ് അസീസ് സി ഇ ഒ മാരായ എ സി നെബു, കെ എസ് മീരാൻ, ദീബുരാജ്, രംജിത്ത് കവിദാസ്, രതി മോൾ കെ എം എന്നിവരും പങ്കെടുത്തു.