prathishetham


തലയോലപ്പറമ്പ്: സംസ്ഥാന സർക്കാർ ജപ്പാൻ സഹായത്തോടെ നിർമ്മിക്കാൻ പോകുന്ന തിരുവനന്തപുരം കാസർഗോഡ് സെമിഹൈസ്പീഡ് റെയിൽവേ കടന്നുപോകുന്ന മുളക്കുളത്ത് പ്രതിഷേധം ശക്തമാകുന്നു. നൂറ് കണക്കിന് കുടുംബാംഗങ്ങൾ മനുഷ്യ ചങ്ങല തീർത്താണ് കഴിഞ്ഞ ദിവസം ഇതിനെതിരെ പ്രതിഷേധിച്ചത്. സെമിസ്പീഡ് റെയിൽവേ കടന്നു പോകുന്ന കോട്ടയം ജില്ലയിലെ അതിർത്തിയായ മുളക്കുളത്തെ മൂവാറ്റുപുഴയാറിന്റെ തീരത്ത് താമസിക്കുന്ന നാൽപതോളം വീട്ടുകാർ ഒഴിഞ്ഞു പോകേണ്ടി വരും. അതിവേഗ റെയിൽവേ പാതയുടെ നിലവിലുള്ള അലൈൻമെന്റ് മാറ്റി മുളക്കുളംപെരുവ കുന്നപ്പിള്ളി മേഖല വഴിയാണ് പുതിയ പാത കടന്നു പോകുന്നത്. ഇതിന്റെ സർവ്വേ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. മുളക്കുളം അമ്പലപ്പടിയിൽ നിന്ന് ഏകദേശം ഇരുനൂറ് മീറ്റർ പടിഞ്ഞാറ് മാറി മുളക്കുളംപമ്പ് ഹൗസ് റോഡിലാണ് മാർക്കിംഗ് നടത്തിയിട്ടുള്ളത്.നിർദ്ദിഷ്ട പാത ഇതു വഴി പോയാൽ ധീവരസഭാ കോളനി ഉൾപ്പടെ മറ്റനേകം വീട്ടുകാർക്കും കിടപ്പാടം നഷ്ടമാകുന്ന അവസ്ഥയാണുള്ളത്.ഈ പദ്ധതിക്കെതിരെ പ്രദേശവാസികൾ ഒരു ജനകീയ കൂട്ടായ്മ രൂപീകരിച്ച് വൻ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുമോന്റെ നേത്യത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെ മുളക്കുളത്ത് നടന്ന മനുഷ്യച്ചങ്ങലയിൽസ്ത്രീകളും കുട്ടികളും അടക്കം നൂറ് കണക്കിന് വീട്ടുകാർ പങ്കെടുത്തു. മുളക്കുളത്തെ മത്സ്യക്കോളനിയിൽ അഞ്ചും, ആറും സെന്റ് വസ്തുവിൽ താമസിക്കുന്ന വീട്ടുകാരാണ് ഒഴിഞ്ഞു പോകൽ ഭീഷണി നേരിടുന്നതിൽ ഏറെയും.സംസ്ഥാന സർക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് സാധാരണക്കാരായ നാട്ടുകാരുടെ ആശങ്ക അകറ്റാൻ തയ്യാറാകണമെന്നാണ് സമരസമിതിയുടെ ആവശ്യം. മഹാപ്രളയം വരുത്തി വച്ച ആഘാതത്തിൽ നിന്ന് മുക്തമായിട്ടില്ലാത്ത ഇവിടുത്തെ ആളുകൾക്ക് ഈ റെയിൽപ്പാതാ നിർമ്മാണം ഇരുട്ടടിയാണ് സമ്മാനിച്ചിരിക്കുന്നത്.