കോട്ടയം : കെ.എസ്.ആർ.ടി.സിയിലെ പിരിച്ചുവിടൽ വിവാദത്തിന്റെ പേരിൽ പ്രതിസന്ധിയിലായത് ഹൈറേഞ്ച് മേഖലയിലെ യാത്രക്കാർ. സ്വകാര്യ സൂപ്പർ ക്ലാസ് പെർമിറ്റുകൾ ഏറ്റെടുത്ത (ടേക്ക് ഓവർ സർവീസ്) കെ.എസ്.ആർ.ടി.സി പാതിവഴിയിൽ സർവീസ് അവസാനിപ്പിച്ചതോടെ കോട്ടയം - ഇടുക്കി ജില്ലകളിലെ ഉൾനാടൻ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. കൃത്യമായ ഇടവേളകളിൽ ദീർഘദൂര സർവീസ് നടത്തിയിരുന്ന നൂറുകണക്കിന് സ്വകാര്യ ബസ് പെർമിറ്റുകളാണ് കെ.എസ്.ആർ.ടി.സി ഘട്ടംഘട്ടമായി ഏറ്റെടുത്തത്. തുടക്കത്തിൽ ഓരോ സ്വകാര്യ ബസിനും പകരം ഒന്നിലധികം ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് ഓ‌ർഡിനറി സർവീസുകൾ ആരംഭിച്ച് ജനവിശ്വാസം ആർജിച്ചു. പിന്നീട് ഓരോ ദിവസവും പലകാരണങ്ങൾ പറഞ്ഞ് സർവീസുകൾ റദ്ദാക്കുകയായിരുന്നു.

സ്വകാര്യ ബസുകൾക്ക് മികച്ച വരുമാനം ലഭിച്ച റൂട്ടുകളിലാണ് കെ.എസ്.ആർ.ടി.സി നഷ്ടക്കണക്കിന്റെ കഥ പറയുന്നത്. കോട്ടയം, ചങ്ങനാശേരി, എറണാകുളം ഭാഗങ്ങളിൽ നിന്ന് കുമളി, കട്ടപ്പന, കൂട്ടാർ, നെടുങ്കണ്ടം, ഉടുമ്പൻചോല, ചെമ്മണ്ണാർ പ്രദേശങ്ങളിലേക്കുള്ള സർവീസുകളാണ് നിലച്ചത്. അതിനിടെ എം പാനൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് മൂലമുള്ള പ്രതിസന്ധി തുടരുകയാണ്. ഓർഡിനറി ബസുകളടക്കം ഗ്രാമീണമേഖലയിലെ നിരവധി സർവിസുകൾ ഇന്നലെയും നിലച്ചു. കോട്ടയം ഡിപ്പോയിൽനിന്ന് ആകെയുള്ള 74 ൽ 64 സർവീസുകൾ ഓപ്പറേറ്റ് ചെയ്തു. ചങ്ങനാശേരി ഡിപ്പോയിൽ നിന്ന് ആലപ്പുഴ, കാവാലം, പുളിങ്കുന്ന്‌ മേഖലയിലേക്കുള്ള ചില സർവീസുകൾ മുടങ്ങി.

ഇന്നലെ മുടങ്ങിയ ഷെഡ്യൂളുകൾ

കോട്ടയത്തു നിന്ന് കുമളി, കൊട്ടാരക്കര ,എറണാകുളം തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് റൂട്ടുകളിലും, വൈക്കം ഡിപ്പോയിൽ നിന്ന് എറണാകുളം, വൈറ്റില, പാലാ റൂട്ടിലും, പൊൻകുന്നം ഡിപ്പോയിൽ നിന്ന് പാലാ, മുണ്ടക്കയം, പുനലൂർ ചെയിൻ സർവീസുകളും, ഈരാറ്റുപേട്ട, എരുമേലി ഡിപ്പോകളിലെ ഗ്രാമീണ സർവീസുകളും മുടങ്ങി.

ഡിപ്പോ തിരിച്ച്

കോട്ടയം : 12

വൈക്കം : 7

പൊൻകുന്നം : 16

കോട്ടയത്ത് പ്രതിദിനനഷ്ടം : 2.5 ലക്ഷം

ടേക്ക് ഓവർ സർവീസുകൾ നിറുത്തലാക്കിയത് യാത്രക്കാരോടുള്ള കടുത്ത വഞ്ചനയും കോടതിയലക്ഷ്യവുമാണ്. ഡ്രൈവർമാരെ പിരിച്ചുവിടുന്നതും നിയമിക്കുന്നതുമൊന്നും ജനങ്ങൾക്ക് അറിയേണ്ട കാര്യമില്ല. സ്വകാര്യ പെർമിറ്റുകൾ ഏറ്റെടുത്തപ്പോൾ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കില്ലെന്ന് ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് പാലിക്കാൻ കോർപ്പറേഷൻ അധികൃതർക്ക് ബാദ്ധ്യതയുണ്ട്.

- സുനിൽ ജോൺ, ലീഗൽ വോളന്റിയർ വണ്ടിപ്പെരിയാർ