d

പാലാ : അത്‌ലറ്റിക്ക് മീറ്റിനിടെ വോളണ്ടിയറായ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കുറ്റക്കാരും നഗരസഭ ഭരണനേതൃത്വവും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൗൺസിൽ ഹാളിലേക്ക് ഇരച്ചുകയറി. ചെയർപേഴ്‌സൺ ബിജി ജോജോയുടെ ഡയസിനു മുന്നിലെത്തി മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഗരസഭാധികൃതർ അനാസ്ഥ വെടിയണമെന്നുമായിരുന്നു പ്രവർത്തകരുടെ ആവശ്യം.

ഇതിനിടെ ചെയർപേഴ്‌സണും നേതാക്കളും തമ്മിൽ വാക്കുതർക്കവുമായി. വിവരമറിഞ്ഞ് സി.ഐ. വി.എ സുരേഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. വിഷയത്തിൽ ഉടൻ തീരുമാനം എടുക്കാമെന്ന് ചെയർപേഴ്‌സൺ വ്യക്തമാക്കിയതോടെ പ്രവർത്തകർ കൗൺസിൽ ഹാളിന്റെ പിന്നിൽ നിലയുറപ്പിച്ചു. പ്രതിഷേധ പരിപാടികൾക്ക് ടി.ഒ. അനൂപ്, ജിൻസ് ദേവസ്യാ, വിഷ്ണു.എൻ.ആർ, തോമസ് ജോർജ്, നവീൻ മാത്യു ആദർശ്.എസ് എന്നിവർ നേതൃത്വം നൽകി.