railway

ചങ്ങനശേരി: ശുചിത്വ റാങ്കിംഗിൽ മുമ്പിലാണെങ്കിലും ചങ്ങനാശേരി റെയിൽവേസ്റ്റേഷന് അത് മാത്രം പോരെന്നാണ് യാത്രക്കാരുടെ അഭിപ്രായം. മനോഹരമായ റെയിൽവേ സ്റ്റേഷൻ എന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും ദീർഘ ദൂരയാത്രക്കാർക്കടക്കം ചായ കുടിക്കാൻ പോലും പുറത്തു പോകേണ്ട സാഹചര്യമാണ് ഇവിടെയുള്ളത്. യാത്രക്കാർ അപകടകരമായി പാളം മുറിച്ചുകടന്നു ട്രെയിനിൽ കയറേണ്ട സ്ഥിതിയാണ്. മുൻപ് പഴയ സ്റ്റേഷൻ കെട്ടിടത്തോടടുത്തായിരുന്നു ഫുട്ട് ഓവർ ബ്രിഡ്ജ് എന്നാൽ പുതിയ സ്റ്റേഷൻ തെക്കോട്ട് മാറിയതോടെ രണ്ടാം പ്ലാറ്റുഫോമിലേക്കും മൂന്നാമത്തേതിലേക്കും യാത്രക്കാർക്ക് കടക്കണമെങ്കിൽ പാളം മുറിച്ചു കടക്കേണ്ടി വരുന്നു. പുതിയ സ്റ്റേഷൻ കെട്ടിടത്തിൽ നിന്നും രണ്ടും, മൂന്നും പ്ലാറ്റു ഫോമിലേക്ക് ബന്ധിപ്പിക്കുന്ന എസ്‌കലേറ്റർ സ്ഥാപിച്ചാൽ ഈ പ്രശ്‌നത്തിനു പരിഹാരമാകും.

പഴയ സ്റ്റേഷൻ കെട്ടിടത്തിൽ നന്നായി പ്രവർത്തിച്ചിരുന്ന ഭക്ഷണ ശാല ഇപ്പോൾ നാളുകളായി പൂട്ടിയ നിലയിലാണ്. അടിയന്തിരമായി കാന്റീൻ സംവിധാനം പുനസ്ഥാപിക്കണമെന്നാണ് സ്ഥിരം യാത്രക്കരടക്കമുള്ളവരുടെ ആവശ്യം. വൈദ്യുതി ലാഭിക്കൽ നടപടിയുടെ ഭാഗമായി ട്രെയിൻ എത്തുന്ന സമയത്ത് മാത്രമാണ് സ്റ്റേഷനിൽ വിളക്കുകൾ പ്രവർത്തിപ്പിക്കുക. യാത്രക്കാർക്ക് ഗുണകരമായി ലൈറ്റുകൾ പ്രകാശിപ്പിക്കാത്തത് സാമൂഹ്യ വിരുദ്ധർക്കും മോഷ്ടാക്കൾക്കും സൗകര്യമായി.

 കാഴ്ചയിൽ മനോഹരം, എന്നാൽ...?


പുതിയ സ്റ്റേഷൻ കെട്ടിടം മനോഹരമായാണ് ദൂരെ കാഴ്ചയിൽ തോന്നുക. എന്നാൽ സ്റ്റേഷനു മുന്നിൽ സ്വകാര്യ വ്യക്തികളുടെയും റെയിൽവേയുടെയും തരിശ് ഭൂമി കാടുകളും ചതുപ്പും പാഴ്മരങ്ങളും നിറഞ്ഞു കിടക്കുകയാണ്. റെയിൽവേ സ്ഥലം ഏറ്റെടുത്തു ഉദ്യാനവും പാർക്കിംഗിനും ഈ മിച്ച ഭുമി സൗകര്യപ്പെടുത്താനായാൽ ദക്ഷിണ റെയിൽവേയുടെ മികച്ച സ്റ്റേഷനായി ചങ്ങനാശേരി മാറും. പുതിയ സ്റ്റേഷൻ കെട്ടിടത്തിൽ ഇൻഫർമേഷൻ സെന്റർ പ്രവർത്തിച്ചു തുടങ്ങീട്ടില്ല. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന ദക്ഷിണ റെയിൽവേ ഉന്നത തല യോഗത്തിൽ എസ്‌കലേറ്റർ അടക്കമുള്ള ചങ്ങനാശേരിയുടെ ആവശ്യങ്ങൾ കൊടിക്കുന്നിൽ സുരേഷ് എം.പി. രേഖാ മൂലം ഉന്നയിച്ചിരുന്നു. ദക്ഷിണ റെയിൽവേയുടെ വികസന പദ്ധതികൾ നടപ്പാക്കാനുള്ള എം.പി.മാരുടെ സമിതി ചെയർമാനായി കേന്ദ്ര സർക്കാർ അടുത്തിടെ കൊടിക്കുന്നിലിനെ നോമിനേറ്റ് ചെയ്തതോടെ ഈ ആവശ്യങ്ങൾ നടപ്പാക്കി കിട്ടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാ‌ർ.