afeel-injury

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ 25-ാം നമ്പർ വാർഡിന് അരികിലെ ന്യൂറോ വിഭാഗം ഐ.സി.യുവിന്റെ വാതിൽ തുറന്ന് ഡോക്ടർമാർ പുറത്തിറങ്ങുമ്പോൾ പ്രതീക്ഷകൾ അസ്തമിക്കാത്ത കണ്ണുകളോടെ ബന്ധുക്കൾ ചോദിക്കും. 'അഫീലിന് എങ്ങനുണ്ട്' ! കണ്ണിൽ നോക്കി മറുപടി പറയാൻ ത്രാണിയില്ലാത്ത ഡോക്ടർമാർ മുഖത്ത് ചിരിവരുത്തി പറയും ''ഞങ്ങൾ പരമാവധി നോക്കുന്നുണ്ട്''. എല്ലാവരും മനമുരുകി പ്രാർത്ഥിക്കുമ്പോഴും പാലായിൽ അത് ലറ്റിക് മീറ്രിനിടെ ഹാമർ പതിച്ച് തലയ്ക്ക് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഫീലിന്റെ അവസ്ഥയ്ക്ക് മാറ്റമില്ല.

ബന്ധുക്കളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ വിതുമ്പുകയാണ് അദ്ധ്യാപകരും സഹപാഠികളും. പ്രിയശിഷ്യന് പരിക്കേറ്റെന്ന് അറിഞ്ഞപ്പോൾ മുതൽ അദ്ധ്യാപകർ ആശുപത്രി പരിസരത്തുണ്ട്. ഇടയ്ക്ക് ഡോക്ടർമാരെ ഫോണിൽ വിളിച്ച് കാര്യം തിരക്കും. മുൻപ് പറഞ്ഞതിൽ നിന്ന് കൂടുതലായി ഒന്നും പറയാനില്ലാത്തതിനാൽ ഡോക്ടർമാരും നിസഹായാവസ്ഥയിൽ. വിങ്ങി വിതുമ്പുന്നവരെ ആർ.എം.ഒ തോളിൽ തട്ടി ആശ്വസിപ്പിക്കും.

'' അഫീലിനെ കാണാൻ ആരും ശാഠ്യം പിടിക്കരുത്. അത്രയേറെ ഗുരുതര പരിക്കുകളുള്ളതിനാൽ ഒന്നും പറയാറായിട്ടില്ല. ഹാമറിന്റെ വ്യാസത്തിന് അനുസരിച്ച് തലയിൽ ആഴത്തിൽ മുറിവുണ്ട്. തലച്ചോറിനാണ് ക്ഷതം. മൂന്ന് കിലോയുള്ള ഹാമർ അതിന്റെ പതിനഞ്ചിരട്ടി തൂക്കത്തിലാണ് വന്ന് പതിച്ചത്. അഫീലിന് പ്രായം കുറവാണെന്നതാണ് പോസീറ്റീവായി കാണുന്നത്. ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ചില പുരോഗതിയുണ്ടെങ്കിലും രണ്ട് ദിവസം കഴിയാതെ ഒന്നും പറയാനാവില്ല. മനുഷ്യന്റെ തിരിച്ചറിവുമായി ബന്ധപ്പെട്ട നാഡീ വ്യൂഹത്തിനാണ് ക്ഷതമുണ്ടായത്. . അത്ഭുതങ്ങൾക്കായി ഞങ്ങളും കാത്തിരിക്കുകയാണ് '' ഡോക്ടറുടെ സ്നേഹ സമ്പുഷ്ടമായ വാക്കുകളിലെ യാഥാർത്ഥ്യം ഉൾക്കൊള്ളുമ്പോഴും എല്ലാവരും പ്രാർത്ഥനയോടെ പ്രതീക്ഷയിലാണ്. . പുരോഗതിയുണ്ടായാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി എയിംസ് അടക്കമുള്ള ആശുപത്രികളിലേയ്ക്ക് കൊണ്ടുപോകുമെന്ന് കളക്ടർ പി.കെ.സുധീർ ബാബു പറഞ്ഞു.