പാലാ : സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മത്സര നടത്തിപ്പുമായി നഗരസഭയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ചെയർപേഴ്‌സൺ ബിജി ജോജോ പറഞ്ഞു. സംസ്ഥാനതല കായികമേളയായതിനാലാണ് തടയാതിരുന്നത്. സാധാരണ സംസ്ഥാന മത്സരങ്ങൾ നടക്കുമ്പോഴുള്ള സമിതികൾ സംഘാടകർ രൂപീകരിച്ചിട്ടില്ല. ജില്ലാ അത്‌ലറ്റിക് അസോസിയേഷനായിരുന്നു സംഘാടനചുമതല. കുട്ടികളുടെ താമസം ഉൾപ്പടെ എല്ലാ ഒരുക്കവും പൂർത്തിയാക്കിയതിനു ശേഷമാണ് സെപ്തംബ‌ർ 26 ന് കത്ത് നൽകിയത്. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ അപേക്ഷ കൗൺസിൽ പരിഗണിച്ചില്ല. നഗരസഭാ അനുമതി ഇല്ലാതെയും നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയുമാണ് മത്സരം നടത്തിയത്. നഗരസഭയെ കക്ഷിയാക്കി ശ്രദ്ധ തിരിച്ചു വിടാനും രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിക്കുന്നത് ദുരുദ്ദേശപരമാണ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നടപടിയുണ്ടാവണം. അപകടത്തിൽപ്പെട്ട കുട്ടിക്ക് ധനസഹായമായി 5 ലക്ഷം രൂപ നഗരസഭ ഫണ്ടിൽ നിന്ന് അനുവദിക്കും. ഇതിനുപരിയായി സർക്കാർ 10 ലക്ഷം രൂപ അനുവദിക്കാൻ തയ്യാറാവണമെന്നും ചെയർപേഴ്‌സൺ ആവശ്യപ്പെട്ടു.