കോട്ടയം: അനധികൃത തട്ടുകടകൾ ഒഴിപ്പിച്ച കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് വീണ്ടും കടകൾ നടത്തുന്നതിനെതിരെ നടപടിയെടുക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. സുരേഷ് കുറുപ്പ് എം.എൽ.എയാണ് യോഗത്തിൽ വിഷയം അവതരിപ്പിച്ചത്. കച്ചവടക്കാരെ ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും കയ്യേറ്റമുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു പൊതുമരാമത്ത് അധികൃതർക്ക് നിർദേശം നൽകി.

ജില്ലയിലെ എല്ലാ പ്രധാന റോഡുകളുടെയും നീളവും വിതിയും ചുമതല ഏതു വകുപ്പിനാണെന്നതും വ്യക്തമാക്കുന്ന ബോർഡുകൾ അതത് റോഡുകൾക്കു സമീപം സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി. റോഡിന്റെ വിശദാംശങ്ങൾ സംബന്ധിച്ച ആശയക്കുഴപ്പം വിപുലീകരണത്തിനും അറ്റകുറ്റപ്പണികൾക്കും തടസമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടിയാണിത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയാണ് ഈ വിഷയം അവതരിപ്പിച്ചത്. ബന്ധപ്പെട്ട വകുപ്പുകളും ഏജൻസികളും ഇക്കാര്യത്തിൽ അടിന്തരമായി തുടർനടപടി സ്വീകരിക്കണമെന്നും റോഡുകളിൽ കൃത്യമായ ദിശാ സൂചകങ്ങൾ സ്ഥാപിക്കണമെന്നും യോഗം നിർദേശിച്ചു.

മണിപ്പുഴ ജംഗ്ഷനിൽ തകരാറിലായ സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കഴിഞ്ഞ ജില്ലാ വികസന സമിതിയിൽ ഉന്നയിച്ച വിഷയത്തിനു മറുപടിയായി കെ.എസ്.ടി.പി. അധികൃതർ അറിയിച്ചു. വടവാതൂർ മോസ്‌കോ റോഡിന്റെ കേടുപാടുകൾ തീർക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം അറിയിച്ചു.

ജില്ലയിലെ സ്‌കൂളുകളുടെ നവീകരണ ജോലികൾ നടപ്പാക്കുമ്പോൾ അദ്ധ്യാപക രക്ഷാകർത്തൃ സമിതിയുടെ അഭിപ്രായം ആരായണമെന്നും സ്‌കൂളുകളുടെ ആവശ്യങ്ങൾകൂടി കണക്കിലെടുത്ത് നിർമാണം പൂർത്തിയാക്കണമെന്നും എൻ. ജയരാജ് എം.എൽ.എ നിർദേശിച്ചു. നെടുംകുന്നം, താഴത്തുവടകര സർക്കാർ സ്‌കൂളുകളുടെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രളയം രൂക്ഷമായി ബാധിച്ച വൈക്കം മേഖലയിലെ റോഡുകളുടെ നവീകരണം വേഗത്തിലാക്കണമെന്ന് സി. കെ. ആശ എം.എൽ.എ ആവശ്യപ്പെട്ടു. വികസന പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ അനാവശ്യ കാലതാമസം ഒഴിവാക്കണമെന്നും അവർ നിർദേശിച്ചു.

പഴയിടം കോസ് വേയുടെ കൈവരി നിർമ്മാണം സമയബന്ധിതമായി നടപ്പാക്കണമെന്നും മഴക്കാലത്ത് ഇടിഞ്ഞുവീണ മണിമലയിലെ റോഡിന്റെ പുനർനിർമാണം അടിയന്തരമായി നടപ്പിലാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർദേശിച്ചു. ആന്റോ ആന്റണി എം.പിയുടെ പ്രതിനിധി ബാബു ജോസഫ്, എ.ഡി.എം ടി.കെ. വിനീത്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ എ.എസ് മായ തുടങ്ങിയവരും പങ്കെടുത്തു.