കോട്ടയം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗ്രന്ഥങ്ങൾ പൂജ വച്ച് പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ പൂജവയ്‌പ്പും ഘോഷയാത്രയും നടന്നു. ഇന്നലെ വൈകിട്ട് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഘോഷയാത്രകൾ ക്ഷേത്രത്തിൽ എത്തിയ ശേഷമാണ് പൂജവയ്‌പ്പ് നടന്നത്. ഇന്ന് ദുർഗാഷ്‌ടമിയും നാളെ മഹാനവമിയുമാണ്. ചൊവ്വാഴ്‌ച വിജയദശമിയോടെ നവരാത്രി ആഘോഷങ്ങൾ സമാപിക്കും.
ഇന്നലെ വൈകിട്ട് ആറരയോടെ വിശിഷ്‌ട ഗ്രന്ഥങ്ങളും പാഠപുസ്‌തകങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു. ചോഴിയക്കാട് ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം, വിവേകാനന്ദ പബ്ലിക്ക് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നടക്കം ആരംഭിച്ച ഘോഷയാത്രകൾ പരുത്തുംപാറ കവലയിൽ സംഗമിച്ചു. തുടർന്ന് സരസ്വതി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് ഇവരുടെ അകമ്പടിയിൽ ഘോഷയാത്ര പനച്ചിക്കാട് ക്ഷേത്രത്തിൽ എത്തിച്ചേർന്നു. പനച്ചിക്കാട് കുമാരനാശാൻ മെമ്മോറിയൽ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെയും, എൻ.എസ്.എസ് കരയോഗ മന്ദിരത്തിന്റെയും നേതൃത്വത്തിൽ സ്വീകരണവും നൽകി. തുടർന്ന് സരസ്വതി സന്നിധിയിൽ ഒരുക്കിയ പ്രത്യേക മണ്ഡപത്തിൽ പൂജ വച്ചു.
തുടർന്ന് ദേശീയ സംഗീത നൃത്തോത്സവത്തിന്റെ ഭാഗമായി രാകേഷ് ബ്രഹ്മാനന്ദന്റെ സംഗീത സദസ് നടത്തി. തുടർന്ന് മേജർസെറ്റ് കഥകളി അരങ്ങേറി. കലാമണ്ഡലം പള്ളം മാധവന്റെ സ്‌മരണാർത്ഥം പനച്ചിക്കാട് ദേവസ്വം ഏർപ്പെടുത്തിയ സരസ്വതി പുരസ്‌കാരം കലാമണ്ഡലം രാജേന്ദ്രന് ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന ജനറൽ സെക്രട്ടറി ആത്മജവർമ്മ തമ്പുരാൻ നൽകി ആദരിച്ചു.
പനച്ചിക്കാട്ട് ഇന്ന്
പുലർച്ചെ 4.00ന് - പള്ളിയുണർത്തൽ
പുലർച്ചെ 5.00ന് - നടതുറക്കൽ
വൈകിട്ട് ആറിന് - പുഷ്‌പാഭിഷേകം
വൈകിട്ട് ഏഴിന് -അത്താഴ പൂജ
വൈകിട്ട് 8.30 - നട അടയ്‌ക്കൽ