പാലാ: പാടശേഖരത്തിലെ തെങ്ങിൻതോപ്പിൽ രാത്രിയിലും പകലുമായി നടത്തിയ കളനാശിനി പ്രയോഗത്തിൽ പരിസരവാസികൾക്ക് ശ്വാസമുട്ടലും മറ്റ് ശാരീരിക അസ്വാസ്ഥ്യവും. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും യഥാസമയം നടപടിയെടുക്കാതെ ആരോഗ്യവകുപ്പധികൃതർ. കിടങ്ങൂർ പഞ്ചായത്ത് പത്താം വാർഡിലെ പാദുവ പെരുമ്പുഴ പാടശേഖരത്തിൽ നട്ടുവളർത്തിയ രണ്ടര ഏക്കറോളം വരുന്ന തെങ്ങിൻ തോപ്പിൽ പാദുവ-കിടങ്ങൂർ റോഡിനോട് ചേർന്നുള്ള ഭാഗത്ത് വെള്ളിയാഴ്ച രാത്രിയാണ് കളനാശിനി ആദ്യം അടിച്ചത്. രൂക്ഷഗന്ധം പരിസരമാകെ വ്യാപിച്ചതോടെ സമീപവാസികളായ കുട്ടികൾക്കും പ്രായമായവർക്കും ഉൾപ്പടെ ശ്വാസമുട്ടലും ശാരീരിക അസ്വാസ്ഥ്യവും അനുഭവപ്പെട്ടു. രാത്രിയായതിനാൽ എവിടെനിന്നാണ് ഗന്ധമെന്ന് മനസിലാക്കാനായില്ല.ഇന്നലെ രാവിലെ പത്തരയോടെ തെങ്ങിൻ തോപ്പിൽ പമ്പ്‌സെറ്റുമായി രണ്ട്‌പേരെത്തി ബാക്കിയുള്ള ഭാഗത്ത് കളനാശിനി അടിക്കാൻ തുടങ്ങിയതോടെയാണ് തലേദിവസത്തെ രൂക്ഷഗന്ധത്തിന്റെ ഉറവിടം നാട്ടുകാർക്ക് വ്യക്തമായത്. ഇതിനിടെ പാടശേഖരത്തിൽ തീറ്റയ്ക്കായി പ്രദേശവാസികൾ ഇറക്കിയ കന്നുകാലികൾ തലേദിവസം കളനാശിനിയടിച്ച ഭാഗത്തെ പുല്ല് തിന്നുകയും ചെയ്തു. ഇവിടെ കളനാശിനി പ്രയോഗിച്ചിട്ടുണ്ടെന്ന് അറിവില്ലാതിരുന്നതിനാൽ പലരും കാലികളെ മേയാൻവിടുകയായിരുന്നു.ഇതോടെ കന്നുകാലികൾക്ക് എന്തെങ്കിലും ആപത്ത് സംഭവിക്കുമോയെന്ന ആശങ്കയിലാണ് ക്ഷീരകർഷകർ. മുന്നറിയിപ്പും കൂടാതെയാണ് കീടനാശിനി പ്രദേശത്ത് പ്രയോഗിച്ചത്. രാവിലെ കളനാശിനി അടിക്കുന്നത് ശ്രദ്ധയിൽപെട്ടയുടൻ പരിസരവാസികൾ കൂടല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസറോട് വിവരം അറിയിച്ചെങ്കിലും കളനാശിനിയടിക്കരുതെന്ന് തങ്ങൾക്ക് പറയാനാവില്ലന്നും നിങ്ങൾതന്നെ പ്രശ്‌നം പരിഹരിച്ചോളാനുമായിരുന്നു വളരെ ലാഘവത്തോടെയുള്ള മറുപടി. ഇതിനിടെ കോട്ടയം ഡി.എം.ഒ ഓഫീസിൽ നാട്ടുകാർ പരാതി അറിയിച്ചു.കൂടല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകരോട് സ്ഥലത്തെത്തി ആവശ്യമായ നടപടിസ്വീകരിക്കാൻ നിർദ്ദേശം നൽകിയെങ്കിലും 7 കിലോമീറ്റർ അകലെയുള്ള ആരോഗ്യകേന്ദ്രത്തിൽ നിന്ന് ഒരു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും ഒരു ഹെൽത്ത് ഇൻസ്‌പെക്ടറും കൂടി സ്ഥത്തെത്തിയത് ഉച്ചയ്ക്ക് 1.30ന് അപ്പോഴേക്കും പ്രദേശമാകെ കളനാശിനിയടിച്ചശേഷം തൊഴിലാളികൾ സ്ഥലം വിടുകയും ചെയ്തു. പ്രദേശമാകെ രൂക്ഷഗന്ധം വ്യാപിച്ചതോടെ പരിസരവാസികൾക്ക് വീണ്ടും ശാരീരിക അസ്വസ്തതകളുണ്ടായി.നിരോധിച്ച കളനാശിനിയാണ് പാടശേഖരത്തിലെ തെങ്ങിൻതോപ്പിൽ പ്രയോഗിച്ചതെന്ന് നാട്ടുകാർ പരാതിപ്പെട്ടു. കളനാശിനി പ്രയോഗം യഥാസമയമെത്തി തടയുവാനോ ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കുവാനോ ആരോഗ്യവകുപ്പധികൃതർ തയ്യാറാവാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.